അമ്മച്ചി പ്ലാവാരെകാക്കും?

#

140 മണ്ഡലങ്ങളിലൂടെയുമുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയത് സംസ്ഥാനത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നെയ്യാറ്റിൻകരയിൽ നിന്നാണ്.

മാര്‍ത്താണ്ഡവര്‍മ്മയെന്ന കൊടികെട്ടിയ തിരുവിതാംകൂര്‍ ഭരണാധികാരിയെ ഒളിപ്പിച്ച് രക്ഷിച്ച അമ്മച്ചി പ്ലാവിന്റെ നെയ്യാറ്റിന്‍കര ഈ തെരഞ്ഞെടുപ്പിൽ ആരെ ഒളിപ്പിക്കും? ആരെ രക്ഷിക്കും?

പതിനാലാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇത്തവണ കേരളം ഉറ്റുനോക്കുന്നത് നിരവധി പ്രത്യേകതകളോടെയാണ്. അതില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി മുന്നണികളുടെ ത്രികോണ മത്സരമാണ് ഒന്നാമത്. തെരഞ്ഞെടുപ്പുകളിലൂടെ ഭരണത്തുടര്‍ച്ചയാഗ്രഹിക്കുന്ന യു.ഡി.എഫിന്റെയും മുന്നേറ്റം ആഗ്രഹിക്കുന്ന ബി.ജെ.പിയുടെയും വിധി ജനങ്ങള്‍ നിര്‍ണ്ണയിക്കുവാന്‍ പോകുന്നത് മെയ് 16 നാണ്.ഇതിന്റെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര. ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ തന്നെ ശ്രദ്ധേയമായ നാടുകളില്‍ ഒന്നാണ് നെയ്യാറ്റിന്‍കര. ആര്‍.ശെല്‍വരാജിന്റെ കൂറുമാറ്റത്തിലൂടെ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ മണ്ഡലം. കൂടാതെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയടക്കം നിരവധി സാംസ്‌കാരിക നായകന്മാരുടെ ജന്മദേശം കൂടിയാണ് നെയ്യാറ്റിന്‍കര.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍.ശെല്‍വരാജ് 6702 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ തമ്പാനൂര്‍ രവിയെയും (48009 വോട്ടുകള്‍) ബി.ജെ.പി സ്ഥാനാര്‍ത്ഥി അതിയന്നുര്‍ ശിവകുമാറിനെയും (6730 വോട്ടുകള്‍) തോല്‍പ്പിച്ചത്. 2012 ല്‍ കൂറുമാറി യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായും ശെല്‍വരാജ് വിജയം ആവര്‍ത്തിക്കുകയുണ്ടായി. 2014 ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് എല്‍.ഡി.എഫ് പിന്തള്ളപ്പെട്ടപ്പോള്‍ പാറശ്ശാലയ്ക്കും കോവളത്തിനുമൊപ്പം നെയ്യാറ്റിന്‍കരയാണ് രണ്ടാം സ്ഥാനം നല്‍കി എല്‍.ഡി.എഫിനെ മാനക്കേടില്‍ നിന്ന് രക്ഷിച്ചത്. രണ്ടു തവണ നിയമസഭാഗംമായ ആര്‍.ശെല്‍വരാജ് 2016 ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മൂന്നാം വിജയം ഉറ്റു നോക്കുകയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ രംഗത്തിങ്ങിയ കെ.ആന്‍സലനാണ് ഇത്തവണ നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി.

മണ്ഡലത്തിൽ രണ്ടു തവണ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ശെൽവരാജ്. ഇടതുമുന്നണിയുടെ സാധാരണ പ്രവർത്തകരും അനുഭാവികളും തനിക്കു വോട്ടു ചെയ്യുമെന്നാണ് ശെൽവരാജ് വിശ്വസിക്കുന്നത്. ശെൽവരാജിന്റെ പ്രതീക്ഷ വെറും സ്വപ്നമായി അവശേഷിക്കുകയേ ഉള്ളൂ എന്നാണ് ഇടതുമുന്നണി പ്രവർത്തകരുടെ അഭിപ്രായം. ഉപതെരഞ്ഞെടുപ്പിൽ ശെൽവരാജിനുവേണ്ടി സജീവമായി പ്രവർത്തിച്ചെങ്കിലും ഇപ്പോൾ കോൺഗ്രസ് പ്രവർത്തകർക്ക് അദ്ദേഹത്തോട് പഴയ പ്രതിപത്തിയില്ല. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം വേണ്ടത്ര ശ്രദ്ധ നൽകാത്തതിൽ നിരാശയിലാണ് ഒരു വിഭാഗം പ്രവർത്തകർ.

കന്നിയങ്കത്തിനിറങ്ങുന്ന സി.പി.എമ്മിലെ ആൻസലൻ ഇടതുമുന്നണിക്ക് അനുകൂലമായ തരംഗമുണ്ടെന്ന വിശ്വാസത്തിലാണ്. കൂറു മാറിയ ശെൽവരാജിനെ ഉപതെരഞ്ഞെടുപ്പിൽ തോല്പിക്കാൻ കഴിയാതെ പോയതിൽ നിരാശരായ പാർട്ടി പ്രവർത്തകർ ആ അബദ്ധം ഇത്തവണ സംഭവിക്കരുതെന്ന വാശിയിലാണ് എന്നാണ് ഇടതുമുന്നണി പ്രവർത്തകർ പറയുന്നത്. മണ്ഡലത്തിൽ നിന്ന് തന്നെയുള്ള പരിചിതനായ നല്ല ഒരു പാർട്ടി പ്രവർത്തകനെ സ്ഥാനാർത്ഥിയായി ലഭിച്ചതിന്റെ ഉത്സാഹം പാർട്ടി അണികളിൽ പ്രകടമാണ്. ഹിന്ദു നാടാര്‍ സമിതിയുടെ പ്രവര്‍ത്തകനായ പുഞ്ചക്കരി സുരേന്ദ്രനാണ് ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയില്‍ ആദ്യമായി 5 വാര്‍ഡുകള്‍ ബി.ജെ.പി നേടിയിരുന്നു. നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പഞ്ചായത്തുകളിലെ 15 വാര്‍ഡുകളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കാൻ കഴിഞ്ഞ മുന്നേറ്റം എന്‍.ഡി.എ മുന്നണിയെ ആവേശം കൊള്ളിച്ചിട്ടുണ്ട്.

3 മുന്നണിയുടെയും സ്ഥാനാര്‍ത്ഥികൾ നാടാര്‍ സമുദായാംഗങ്ങളാണ്. നെയ്യാറ്റിന്‍കരയില്‍ ബഹുഭൂരിപക്ഷം വരുന്ന നാടാര്‍ വോട്ടുകളിലാണ് 3 മുന്നണികളും കണ്ണു വെച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയുടെ ഭരണം നേടിയ ആവേശത്തിലാണ് എല്‍.ഡി.എഫ്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പു പോരും വിമതരും എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതായാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്.