തലസ്ഥാന മണ്ഡലം തിരിയുന്നതെങ്ങോട്ട്?

#


തലസ്ഥാനത്തിന്റെ തല എങ്ങോട്ടു തിരിയുമെന്നറിയാൻ എല്ലാവരും ഉറ്റുനോക്കുന്നത് തിരുവനന്തപുരം മണ്ഡല ത്തെയാണ്.

സെക്രട്ടറിയേറ്റ് അടക്കം തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലമാണ് തിരുവനന്ത പുരം. തലസ്ഥാനം ഉൾക്കൊള്ളുന്നതും ജനസാന്ദ്രതയില്‍ ഒന്നാമത് നില്‍ക്കുന്നതുമായ മണ്ഡലം എന്ന നിലയിൽ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. നഗരവികസനവും മാലിന്യ പ്രശ്‌നങ്ങളുമൊക്കെ ഇവിടെ സജീവമായി ചർച്ച ചെയ്യപ്പെടും. മണ്ഡല പുനർവിഭജനത്തിനു മുമ്പുള്ള തിരുവനന്തപുരം ഈസ്റ്റിന്റെയും തിരുവനന്തപുരം വെസ്റ്റിന്റെയും ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് ഇപ്പോഴത്തെ തിരുവനന്തപുരം.

യു.ഡി.എഫിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മന്ത്രി വി.എസ്.ശിവകുമാർ , എൽ.ഡി.എഫിൽ നിന്ന് കേരളാ കോൺഗ്രസിന്റെ (ഫ്രാൻസിസ് ജോർജ്) ആന്റണി രാജു, എൻ.ഡി.എ യിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി ശ്രീശാന്ത് എന്നിവരാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വരെ എൽ.ഡി.എഫിന്റെ ശക്തനായ വിമർശകനായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ആന്റണിരാജു, മാണി ഗ്രൂപ്പിൽ നിന്ന് സീറ്റ് ലഭിക്കാതെ പോയ നേതാക്കളോടൊപ്പം പുതിയ പാർട്ടി രൂപീകരിച്ചാണ് ഇടതുമുന്നണിയിലെത്തിയത്. അപ്രതീക്ഷിതമായാണ് ശ്രീശാന്ത് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി വരുന്നത്. സ്വന്തം നാടായ തൃപ്പൂണിത്തുറയിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകാൻ സനദ്ധത അറിയിച്ചിരുന്ന ശ്രീശാന്ത്, തുറവൂർ വിശ്വംഭരൻ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയായതിനെത്തുടർന്നാണ് തിരുവനന്തപുരത്തേക്ക് പരിഗണിക്കപ്പെട്ടത്.

കഴിഞ്ഞ 5 വര്‍ഷമായി തലസ്ഥാന നഗരിയിൽ താൻ നടത്തി എന്ന് അവകാശപ്പെടുന്ന വികസന പദ്ധതികളുടെ പേരിലാണ് വി.എസ്.ശിവകുമാർ പ്രധാനമായും വോട്ട് ചോദിക്കുന്നത്. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 5352 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച വി.എസ്.ശിവകുമാര്‍ ഇത്തവണ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്ന് പുറമേ അവകാശപ്പെടുന്നുണ്ടെങ്കിലും കടുത്ത സമ്മർദ്ദത്തിലാണ്. ശ്രീശാന്തിന്റെ സ്ഥാനാർത്ഥിത്വത്തോട് യോജിപ്പില്ലാത്ത ബി.ജെ.പിക്കാർ തനിക്കു വോട്ടു ചെയ്യുമെന്ന പ്രതീക്ഷയും ശിവകുമാറിനുണ്ട്. എൻ.എസ്.എസ്സിന്റെയും മുസ്ലീം ന്യൂനപക്ഷത്തിന്റെയും പിന്തുണയാണ് ശിവകുമാർ പ്രതീക്ഷ അർപ്പിക്കുന്ന 2 പ്രധാന ഘടകങ്ങൾ.

ലത്തീൻ കത്തോലിക്ക സമുദായത്തിന് നല്ല പ്രാതിനിധ്യം ഉള്ള മണ്ഡലത്തിൽ അത് തനിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയുണ്ട് ആന്റണി രാജുവിന്.1996 ല്‍ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ ആന്റണി രാജു എം.എം ഹസ്സനെ എഴായിരത്തോളം വോട്ടുകൾക്ക് തോല്പിച്ചതിന്റെ ചരിത്രവും ആന്റണി രാജുവിന് ആത്മവിശ്വാസം നല്കുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയ മേൽക്കൈ, തന്റെ വിജയം ഉറപ്പാണെന്നതിന്റെ സൂചനയായി ആന്റണി രാജു കണക്കാക്കുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വരെ യു.ഡി.എഫിന്റെ വക്താവായിരുന്ന ആന്റണി രാജുവിനെ പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ ഇടതുപക്ഷ വോട്ടർമാർ എത്രത്തോളം തയ്യാറാകുമെന്നതാണ് ഇടതു മുന്നണി പ്രവർത്തകരുടെ ആശങ്ക.

ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന പ്രദേശത്ത്‌ ഒന്നാംസ്ഥാനത്തെത്താൻ കഴിഞ്ഞതാണ് ബി.ജെ.പിക്ക് വലിയ പ്രതീക്ഷ നല്കുന്നത്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും നല്ല വിജയം നേടാൻ കഴിഞ്ഞു. നല്ല പുതിയ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രീശാന്തിനു കഴിയുമെന്ന് ബി.ജെ.പി നേതൃത്വം കണക്കു കൂട്ടുന്നു. അതേ സമയം, വിജയ പ്രതീക്ഷയുള്ള ഒരു സീറ്റിൽ ശ്രീശാന്തിനെപ്പോലെ ഗൗരവമില്ലാത്ത ഒരു സ്ഥാനാർത്ഥിയെ നിറുത്തി സീറ്റ് നഷ്ടപ്പെടുത്തുകയാണ് എന്ന് വിമർശിക്കുന്ന നിരവധി ബി.ജെ.പി പ്രവർത്തകരെയും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.

സാധാരണ ഗതിയിൽ ഇടതുപക്ഷത്തേക്ക് ചായുന്ന നിഷ്പക്ഷ വോട്ടുകൾ നേടുന്നതിൽ ആന്റണി രാജു പരാജയപ്പെടുകയും മുസ്ലീം ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം യു.ഡി.എഫിന് അനുകൂലമായി ഉണ്ടാവുകയും ചെയ്‌താൽ ശിവകുമാറിന് അനുകൂലമായി സ്ഥിതി മാറുമെന്നാണ് ഞങ്ങളുടെ നിഗമനം.