ചടയമംഗലം ആരുടെ ചിറകരിയും!

#

മൂന്നാമതും പറന്നു പൊങ്ങാനൊരുങ്ങുന്ന മുല്ലക്കരയും ചടയമംഗലത്തേക്ക് പറന്നിറങ്ങിയ ഹസ്സനും ചടയമംഗലത്തെ തെരഞ്ഞെടുപ്പു കളത്തില്‍ സര്‍വ്വശക്തിയും പ്രയോഗിക്കുകയാണ്.

പരമ്പരാഗതമായി ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.ഐയ്ക്ക് ആധിപത്യമുള്ള മണ്ഡലമാണ് ചടയമംഗലം. ഒരു തവണ മാത്രമേ സി.പി.ഐ സ്ഥാനാര്‍ത്ഥി ഇവിടെ പരാജയപ്പെട്ടിട്ടുള്ളൂ. 2001 ല്‍ കോണ്‍ഗ്രസിലെ പ്രയാര്‍ ഗോപാലകൃഷ്ണനോട് സി.പി.ഐയുടെ സിറ്റിംഗ് എം.എല്‍.എയായിരുന്ന ആര്‍.ലതാദേവി പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുല്ലക്കര രത്‌നാകരന്‍ 23624 വോട്ടിനാണ് കോണ്‍ഗ്രസിലെ ഷാഹിദ കമാലിനെ തോല്‍പ്പിച്ചത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ പരാജയപ്പെട്ട എം.എ.ബേബിക്ക് ചടയമംഗലത്ത് 6806 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.

ഇടതുമുന്നണിക്ക് വലിയ ആധിപത്യമുള്ള മണ്ഡലം എന്ന നിലയില്‍ ഏകപക്ഷീയമായ വിജയമായിരിക്കും മുല്ലക്കരയ്ക്ക് എന്ന ധാരണയായിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പൊതുവേ ഉണ്ടായിരുന്നത്. എന്നാല്‍ എം.എം.ഹസ്സന്‍ സ്ഥാനാര്‍ത്ഥിയായി വന്നതിനു ശേഷം മത്സരം കടുത്തതായി മാറി. 2 തവണ മത്സരിച്ചവരെ മാറ്റി നിറുത്തണമെന്ന പൊതു തീരുമാനത്തില്‍ ഇളവ് അനുവദിച്ചുകൊണ്ടാണ് സി.പി.ഐ മുല്ലക്കരയെ സ്ഥാനാര്‍ത്ഥിയാക്കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണച്ച വെല്‍ഫയര്‍ പാര്‍ട്ടി ഇത്തവണ മത്സരരംഗത്തുണ്ട്. മണ്ഡലത്തില്‍ ചില മേഖലകളില്‍ കാര്യമായ സ്വാധീനമുള്ള വെല്‍ഫയര്‍ പാര്‍ട്ടി നേടുന്ന വോട്ടുകള്‍ ഇടതുമുന്നണിക്ക് പ്രതികൂലമാകാനാണ് സാദ്ധ്യത. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.ശിവദാസന് വേണ്ടി ബി.ഡി.ജെ.എസ്സും എസ്.എന്‍.ഡി.പി യോഗവും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ പിന്തുണ മുല്ലക്കരയ്ക്കായിരുന്നു. ഈ പ്രതികൂലഘടകങ്ങളൊന്നും മുല്ലക്കരയുടെ വിജയത്തിന് തടസ്സമാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി കേന്ദ്രങ്ങള്‍.

മണ്ഡലത്തിലെ 9 പഞ്ചായത്തുകളും ഭരിക്കുന്നത് എല്‍.ഡി.എഫാണ്. കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പുകള്‍ തമ്മിലും ഗ്രൂപ്പുകള്‍ക്കിടയിലുമുള്ള പോരുകള്‍ കാരണം യോജിച്ച് പ്രചരണം നടത്താന്‍ പോലും കഴിയുന്നില്ലെന്നാണ് ഇടതുകേന്ദ്രങ്ങള്‍ ആക്ഷേപിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചെന്നും പ്രധാനമായും എതിര്‍പ്പുയര്‍ത്തിയ ചിതറ മധുവാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു. മറിച്ച്, മുല്ലക്കര രത്‌നാകരന് നല്ലൊരു പങ്ക് സി.പി.ഐക്കാര്‍ വോട്ടു ചെയ്യില്ലെന്നാണ് കോണ്‍ഗ്രസുകാരുടെ വാദം.

എന്തായാലും ഒരുകാര്യം ഉറപ്പാണ്. നിഷ്പ്രയാസം ജയിക്കാം എന്ന ഇടതുമുന്നണിയുടെ തുടക്കത്തിലുള്ള കണക്കുകൂട്ടല്‍ തെറ്റിയിരിക്കുന്നു. പണത്തിന്റെയും മറ്റു സംവിധാനങ്ങളുടെയും പിന്തുണയോടെ എം.എം.ഹസ്സന്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞേക്കും. പക്ഷേ, കനത്ത ഒരു പോരാട്ടത്തിലൂടെ മാത്രമേ അത് സാധിക്കൂ.