കുരിശ് ഏത് മാണിയെ തുണയ്ക്കും

#


കുരിശു പള്ളിക്ക് താഴെ മാണിമാര്‍ പ്രാര്‍ത്ഥനയിലാണ്. പാല കെ.എം.മാണിയോ മാണി.സി.കാപ്പനയോ? ആരെ തുണയ്ക്കും?

തുടര്‍ച്ചയായി മൂന്നാം തവണ പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് പേര്‍. കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമാകാം. 13-ാം മത്സരത്തിനിറങ്ങുന്ന കെ.എം.മാണിയെ ഇത്തവണയെങ്കിലും തളച്ചേ അടങ്ങൂ എന്ന വാശിയിലും വിശ്വാസത്തിലുമാണ് മാണി.സി.കാപ്പന്‍ എന്ന പോരാളി. 1970ന് സമാനമായ പോരാട്ട ചൂടില്‍ മീനച്ചലാറും കരയും തിളച്ചു മറിയുകയാണ്. 364 വോട്ടിന് അന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പാലയുടെ മാണിസാര്‍ മത്സര ചൂടില്‍ വിയര്‍ക്കുന്നു. ജയിച്ചു കയറാനുള്ള തന്ത്രങ്ങളില്‍ ബാര്‍കോഴയും റബ്ബര്‍ വിലയിടിവുമടക്കമുള്ള വിഷയങ്ങള്‍ ചോദ്യചിഹ്നമാവുകയാണ്. പതിനായിരങ്ങളുടെ ഭൂരിപക്ഷം നേടിക്കൊണ്ടിരുന്ന കെ.എം.മാണിയെ 2011 ല്‍ 5299 എന്ന ഭൂരിപക്ഷത്തിലേക്ക് പിടിച്ചു കെട്ടാനായതിന്റെ ആത്മവിശ്വാസത്തിലും ഒന്നില്‍ പിഴച്ചത് മൂന്നില്‍ നേടാനാകുമെന്ന കണക്കുകൂട്ടലിലുമാണ് മാണി.സി.കാപ്പനും എല്‍.ഡി.എഫും. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വന്തം മകനായ ജെസ്.കെ.മാണി പാലയില്‍ നിന്ന് 31369 വോട്ടുകളുടെ ഭൂരിപക്ഷം നേടിയെന്ന കണക്കുകളില്‍ മാണിക്യാമ്പ് ആശ്വാസം കൊള്ളുന്നുണ്ട്. പി.സി.ജോര്‍ജ്ജും ഫ്രാന്‍സിസ് ജോര്‍ജ്ജുമൊക്കെ പിളർന്നു മാറിയിട്ടും പുതിയ പിളര്‍പ്പില്‍ പിളരുന്തോറും വളരുമെന്ന വിശ്വാസത്തിലാണ് മാണി സാര്‍. തൊട്ടടുത്ത മണ്ഡലമായ പൂഞ്ഞാറില്‍ പഴയ കൂട്ടാളിയായ പി.സി.ജോര്‍ജ്ജിന് എല്‍.ഡി.എഫ് സീറ്റ് കിട്ടാതിരിക്കാന്‍ കെ.എം.മാണി രാഷ്ട്രീയ കളി നടത്തിയെന്ന് മലയോരം അടക്കം പറയുന്നുണ്ട്. കാരണം മറ്റൊന്നുമല്ല എല്‍.ഡി.എഫ് സീറ്റില്‍ വിജയമുറപ്പിക്കുന്ന പി.സി.ജോര്‍ജ്ജ് പാലായില്‍ മാണിക്ക് ഭീഷണിയാകും. ഇതായിരുന്നു മാണിസാറിന്റെ കണക്കുകൂട്ടല്‍. പി.സി.ജോര്‍ജ്ജിനെ പൂഞ്ഞാറില്‍ തന്നെ കെട്ടിയിടാന്‍ കഴിഞ്ഞത് കെ.എം.മാണിയുടെ രാഷ്ട്രീയ വിജയമാണ്. സംസ്ഥാനമാകെ പറയുന്ന രാഷ്ട്രീയമല്ല പാലായിലേത്. രാഷ്ട്രീയ തന്ത്രങ്ങളില്‍ ചാണക്യനായ കെ.എം.മാണി പതിനെട്ടടവും പയറ്റും. ജനങ്ങള്‍ നികുതി നല്‍കുന്ന പണം കൊണ്ട് ജനോപകാരപ്രദമായ പദ്ധതിയുണ്ടാക്കിയെന്ന മേമ്പൊടികള്‍ അഴിമതി ആരോപണങ്ങള്‍ക്ക് മുകളിലായില്ലെങ്കില്‍ പാലായിലെ തെരഞ്ഞെടുപ്പ് ഫലം സാധാരണക്കാരന്റെ പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്റെയും പ്രതിഫലനം തന്നെയാകും.