ഉടയാത്ത പ്രതീക്ഷകള്‍

#


വിമാനത്താവളവും വയലും ഭക്തിയും പിന്നെ സഭയും ഒരു പോലെ ആറന്മുളയില്‍ മുഖം നോക്കുന്നു. മുഖം മിനുക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസും ഒരുങ്ങി. ചമയാനുള്ള ശ്രമത്തില്‍ ബി.ജെ.പിയും ആറന്മുളയില്‍ മുഖാമുഖം വരുമ്പോള്‍ പുതിയ മുഖവുമായി എല്‍.ഡി.എഫ് രംഗത്തിന് കൊഴുപ്പേകുന്നു.

മാധ്യമ പ്രവര്‍ത്തകയായ വീണാ ജോര്‍ജ് ഇടതുമുന്നണിക്ക് വേണ്ടിയും മണ്ഡലത്തിൽ നിറഞ്ഞുനിന്ന എം.എൽ.എ എന്ന ആത്മവിശ്വാസത്തോടെ ശിവദാസന്‍ നായരും ആറന്മുള സമരത്തിലൂടെ നേടിയ പുതിയ ബന്ധങ്ങളുടെ അധികബലത്തിൽ ബി.ജെ.പിയുടെ എം.ടി.രമേശും പള്ളിയോടങ്ങളുടെ നാട്ടില്‍ ഉടയാത്ത പ്രതീക്ഷകളുമായി നേര്‍ക്കുനേര്‍. അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ചിത്രങ്ങളുടെയും വിജയ പരാജയങ്ങളുടെയും മണ്ണാണ് ആറന്മുള. 1996 ല്‍ വിജയ പ്രതീക്ഷയോടെ ആറന്മുള മണ്ഡലത്തിലെത്തിയ എം.വി.രാഘവനെ നാട്ടുകാരനും കവിയുമായ കടമ്മന്നിട്ട രാമകൃഷ്ണന്‍ പുഷ്പം പോലെ തോല്‍പിച്ചത് ഇതിനൊരുദാഹരമാണ്. 2001 ല്‍ ഹൈക്കമാന്‍ഡ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ച ശിവദാസന്‍ നായരെ മാറ്റി മാലേത്ത് സരളാദേവിയെ നിര്‍ത്തിയ കെ.കരുണാകരന്റെ തന്ത്രം ഫലം കണ്ട മണ്ഡലം.

ആറന്മുളയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിലവിലെ എം.എല്‍.എ കെ.ശിവദാസന്‍ നായരെ നേരിടാൻ സി.പി.എം വീണാ ജോര്‍ജിനെ നിർത്തിയത് മുഖ്യമായും ഓർത്തഡോക്സ് സഭയുടെ പിന്തുണ മുമ്പിൽ കണ്ടാണ്‌. വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേ പേയ്‌മെന്റ് സീറ്റെന്ന ആക്ഷേപമുണ്ടായതിൽ പാര്‍ട്ടി അണികള്‍ക്ക് നിരാശയുണ്ട്. രാഷ്ട്രീയമായി ഇടതുപക്ഷത്തിന് ലഭിക്കുന്ന വോട്ടുകളോടൊപ്പം സാധാരണ ഗതിയിൽ യു.ഡി.എഫിന് പോകുന്ന ക്രൈസ്തവ വോട്ടുകൾ വീണ നേടുകയും ചെയ്‌താൽ ആറന്മുള പിടിക്കാമെന്ന ലളിതമായ കണക്കു കൂട്ടലാണ് സി.പി.എമ്മിനുള്ളത്. ഹൈന്ദവ വോട്ടുകളുടെ കേന്ദ്രീകരണവും ആറന്മുള സമരത്തിലെ പങ്കാളിത്തം നല്കുന്ന പിന്തുണ വോട്ടായി മാറുന്നതും ചേർന്നാൽ അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് എം.ടി.രമേശ്‌. ആറന്മുള സമരത്തിനെതിരായ തന്റെ നിലപാട് തെരഞ്ഞെടുപ്പിൽ തന്നെ സഹായിക്കുമെന്നാണ് ശിവദാസൻ നായർ വിശ്വസിക്കുനത്. അതോടൊപ്പം മണ്ഡലത്തിൽ ചെയ്ത കാര്യങ്ങൾ കൂടിയാകുമ്പോൾ ഭയക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് അദ്ദേഹത്തിൻറെ കണക്കുകൂട്ടൽ. വിമാനത്താവളത്തിനെതിരായ സമരത്തെക്കാൾ വിമാനത്താവളത്തിന് വേണ്ടിയുള്ള നിലപാടാണ് ആറന്മുള പോലെ ഒരു മണ്ഡലത്തിൽ അംഗീകരിക്കപ്പെടുക എന്ന ശിവദാസൻനായരുടെ പ്രായോഗികബുദ്ധി തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ രക്ഷിച്ചുകൂടെന്നില്ല.