കാലം സാക്ഷി കോട്ടയം സാക്ഷി

#


ഒരു മഹാത്മാവിന്റെ കാല്‍ക്കീഴില്‍ അട്ടിമറികള്‍ക്കും രാഷ്ട്രീയ ഉപജാപങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കുമൊപ്പം നേരിന്റെയും നെറിയുടെയും കാഴ്ചകൾക്കും സാക്ഷ്യം വഹിച്ച അക്ഷര നഗരം. തലസ്ഥാനത്ത് യു.ഡി.എഫ് മുന്നണി അധികാരത്തിലെത്തിയാല്‍ കോട്ടയമെന്നും ഭരണ ചക്രത്തിന്റെ രണ്ടാം കേന്ദ്രമാണ്. റബ്ബറിന്റെ നാട്ടിലെ തെരഞ്ഞെടുപ്പ് ചരിത്രം വലത്തേക്കും ഇടത്തേക്കും റബ്ബര്‍ പോലെ വലിഞ്ഞിട്ടുണ്ട്. 711 വോട്ടുകള്‍ക്ക് കൈവിട്ടു പോയ മണ്ഡലം തിരികെ പിടിക്കാനുള്ള ശ്രമം എല്‍.ഡി.എഫ് നടത്തുമ്പോള്‍ ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കകളേതുമില്ലാതെ യു.ഡി.എഫ് കോട്ടയാക്കാന്‍ കോണ്‍ഗ്രസ്സും ബലപരീക്ഷണത്തിനായി ബി.ജെ.പിയും കളത്തിലുണ്ട്.

1987 ൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ പരാജയപ്പെടുത്തി മണ്ഡലം സ്വന്തമാക്കിയ ടി.കെ.രാമകൃഷ്ണൻ 3 തവണ തുടർച്ചയായി വിജയിച്ചു. 2001 ലെ യു.ഡി.എഫ് തരംഗത്തിൽ വൈക്കം വിശ്വനെ തോൽപ്പിച്ച് മേഴ്സി രവിയാണ് എൽ.ഡി.എഫിന്റെ മുന്നേറ്റം തടഞ്ഞു നിറുത്തിയത്. 2006 ൽ അജയ് തറയിലിനെ 482 വോട്ടുകൾക്ക് പരാജയപ്പെടുത്തി സി.പി.എമ്മിലെ വി.എൻ.വാസവൻ കോട്ടയം തിരിച്ചു പിടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 711 വോട്ടുകൾക്ക് വാസവനെ കീഴ്പ്പെടുത്തി തിരുവഞ്ചൂർ മണ്ഡലം സ്വന്തമാക്കി.

കോട്ടയം നഗരസഭയും വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളും ചേര്‍ന്നതാണ് കോട്ടയം മണ്ഡലം. ഇതില്‍ നഗരസഭയും വിജയപുരം പഞ്ചായത്തും യു.ഡി.എഫ് ഭരണത്തിലും പനച്ചിക്കാട് എല്‍.ഡി.എഫ് ഭരണത്തിന്‍ കീഴിലുമാണ്.കഴിഞ്ഞ 5 വർഷം മന്ത്രി എന്ന നിലയിൽ മണ്ഡലത്തിൽ ചെയ്ത കാര്യങ്ങൾ മുൻനിർത്തിയാണ് തിരുവഞ്ചൂർ വോട്ടു തേടുന്നത്. മണ്ഡലത്തിലുടനീളം വ്യാപകമായ ബന്ധങ്ങളുണ്ട് തിരുവഞ്ചൂരിന്. യുവ നേതാവ് റജി സക്കറിയയെ ആണ് കോട്ടയം തിരിച്ചു പിടിക്കാൻ സി.പി.എം നിയോഗിച്ചിരിക്കുന്നത്. ബി.ജെ.പി യുടെ സ്ഥാനാർത്ഥി അഡ്വ.എം.എസ്.കരുണാകരൻ. ബി.ഡി.ജെ.എസ്സിന് സ്വാധീനമുള്ള മേഖലകൾ മണ്ഡലത്തിലുണ്ട്. എൻ.ഡി.എ യ്ക്ക് പരമാവധി വോട്ടുകൾ സമാഹരിക്കാൻ ബി.ജെ.പിയോടൊപ്പം തന്നെ ബി.ഡി.ജെ.എസ്സുമുണ്ട്.

എൻ.എസ്.എസ്സിന്റെ പിന്തുണ തിരുവഞ്ചൂരിനാണ്. ക്രൈസ്തവ വോട്ടുകൾ തിരുവഞ്ചൂരിനും റെജി സക്കറിയയ്ക്കുമായി ഭിന്നിച്ചു പോകും. മറ്റു സ്ഥലങ്ങളിൽനിന്ന് വ്യത്യസ്തമായി ബി.ഡി.ജെ.എസ് വഴി ഇടതുപക്ഷത്തിന് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന കുറേ വോട്ടുകൾ ബി.ജെ.പിക്ക് പോകാൻ സാദ്ധ്യതയുണ്ട്.രാഷ്ട്രീയത്തിനുപരി ജാതി- മത സമവാക്യങ്ങൾ പ്രധാനമാകുകയാണെങ്കിൽ അത് ഗുണം ചെയ്യുക യു.ഡി എഫിനാകും.