താമര വിരിയുമോ?

#


താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു

അപ്പോള്‍ താഴെ ഞാന്‍ നീന്തിചെന്ന്പൂവ് പൊട്ടിച്ചു

പിന്നെ തണ്ടൊടിഞ്ഞ താമര....

നേമത്തെ തെരഞ്ഞെടുപ്പ് രംഗത്തെത്തുമ്പോള്‍ ഭാസ്‌കരന്‍ മാഷിന്റെ വരികള്‍ ഓര്‍ക്കാതിരിക്കാനാവില്ല. താമര വിരിയുമെന്ന് ബി.ജെ.പി ഏറ്റവുമധികം പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് നേമം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം ആകാശത്തോളമെത്തിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അതേ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുന്നത് വിജയം ഉറപ്പാക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുക്കൂട്ടല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 6415 വോട്ടുകള്‍ക്ക് ഒ.രാജഗോപാലിനെ പരാജയപ്പെടുത്തിയ സിറ്റിംഗ് എം.എല്‍.എ ശിവന്‍കുട്ടി തന്നെയാണ് വീണ്ടും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ചലനം നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇടതുമുന്നണി കേന്ദ്രങ്ങള്‍ പറയുന്നത്. കഴിഞ്ഞ 2 വര്‍ഷത്തെ കേന്ദ്രഭരണം ബി.ജെ.പിയോടുള്ള താല്പര്യം ജനങ്ങളില്‍ ഇല്ലാതാക്കിയെന്നും ബി.ജെ.പിക്കുള്ളിലെ പല പിണക്കങ്ങള്‍ മൂലം കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ പോലും ഇക്കുറി അവര്‍ക്ക് ലഭിക്കില്ലെന്നുമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പറയുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു വേണ്ടി മത്സരിച്ചത് ജെ.ഡി.യുവിന്റെ ചാരുപാറ രവിയാണ്. ഇത്തവണ യു.ഡി.എഫില്‍ ജെ.ഡി.യു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് വന്ന സുരേന്ദ്രന്‍ പിള്ളയാണ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കനുകൂലമായി വന്‍തോതില്‍ ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പരമ്പരാഗതമായി യു.ഡി.എഫിന് ലഭിച്ചുകൊണ്ടിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിക്കുകയാണെങ്കില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോകും. അങ്ങനെയെങ്കില്‍ നേമത്ത് താമര വിരിയും എന്ന പ്രതീക്ഷ ഇക്കുറിയും അസ്ഥാനത്താകും.