പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് തിരുനാൾ

#


140 സ്‌കെച്ചസ് പുതുപ്പള്ളി മുറ്റത്തെത്തിയപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുര്‍ബാന കൈക്കൊണ്ട് മടങ്ങിയിരുന്നു. പള്ളിയില്‍ മുഴങ്ങി കേള്‍ക്കുന്നത് 750 പറ അരിയില്‍ 75000 പേര്‍ക്കായി തയ്യാറാക്കിയ നേര്‍ച്ച ചോറ് പള്ളി കൗണ്ടറുകളില്‍ ലഭ്യമാണ് എന്ന അനൗൺസ്മെന്റ്. പുതുപ്പള്ളിയിലെ 75000 ത്തില്‍പ്പരം വോട്ടുകള്‍ തങ്ങളുടെ സ്വന്തമാക്കി മാറ്റുക എന്നുള്ളതാണ് ഓരോ സ്ഥാനാര്‍ത്ഥിയുടെയും തന്ത്രം. അതിനാല്‍ തന്നെ കേരളത്തിന്റെ ഇലക്ഷന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ പുതുപ്പള്ളി പള്ളി വളരെ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു. കേരളം ഉറ്റു നോക്കുന്ന പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തിലാണ് എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍. 1970 മുതലുള്ള ഇലക്ഷന്‍ ചരിത്രത്തില്‍ ഒറ്റത്തവണ പോലും കോണ്‍ഗ്രസിനു മേല്‍ മറ്റു പാര്‍ട്ടികള്‍ക്കു വിജയം കൈവരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കേരളത്തിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷങ്ങളിലൊന്ന് ഉമ്മന്‍ചാണ്ടി സ്വന്തമാക്കുകയുണ്ടായി. സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി സുജ സൂസന്‍ ജോര്‍ജിനെയും(48465 വോട്ടുകള്‍) ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡി.സുനില്‍ കുമാറിനെയും(6674 വോട്ടുകള്‍) തോല്‍പ്പിച്ചാണ് ഉമ്മന്‍ചാണ്ടി ചരിത്രം വീണ്ടും പുതുപ്പള്ളിയില്‍ ആവര്‍ത്തിച്ചത്.

മുൻ തെരഞ്ഞെടുപ്പുകളിൽ സിന്ധു ജോയ്, ചെറിയാൻ ഫിലിപ്പ്, സുജ സൂസൻ ജോർജ് എന്നിവരെ പരീക്ഷിച്ച സി.പി.എം ഇത്തവണ രംഗത്തിറക്കുന്നത് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി.തോമസിനെയാണ്. ഉമ്മന്‍ചാണ്ടി ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 27 വയസ്സ്. ജെയ്ക്.സി.തോമസിന്റെ ഇപ്പോഴത്തെ പ്രായവും അത് തന്നെ. ഉമ്മൻചാണ്ടിയുടെ മണ്ഡലത്തിലെ വോട്ടർ എന്നതിൽ അഭിമാനം കൊള്ളുന്ന ധാരാളം പേരെ ഞങ്ങൾ മണ്ഡലത്തിൽ കണ്ടു. സോളാർ ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളൊന്നും അവർ കാര്യമായി എടുക്കുന്നതായി തോന്നിയില്ല. സി.എപി.എമ്മിനും ഡി.വൈ.എഫ്.ഐ അടക്കമുള്ള ബഹുജന സംഘടനകൾക്കും നല്ല ശക്തിയുള്ള മണ്ഡലമാണെങ്കിലും ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കുക എന്നതിനപ്പുറമൊരു ലക്‌ഷ്യം ജെയ്ക് പി.തോമസിനോ ഇടതുമുന്നണിക്കോ ഉണ്ടെന്നു തോന്നുന്നില്ല.