പുത്തന്‍ വിളംബരം കാതോര്‍ത്ത് കുണ്ടറ

#


മേയ് 16 നല്‍കുന്ന വിളംബരം എന്താണെന്ന് അറിയാന്‍ ഉത്കണ്ഠയോടെ കാതോര്‍ക്കുകയാണ് കുണ്ടറ.

കേരളത്തിലെ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കുണ്ടറ. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ എം.എ.ബേബി കോണ്‍ഗ്രസിലെ ജര്‍മ്മിയാസിനെ 14793 വോട്ടിന് പരാജയപ്പെടുത്തിയ മണ്ഡലം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബേബി 6911 വോട്ടിന് പുറകില്‍ പോയി. എന്നാല്‍ കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞു.

കുണ്ടറ മണ്ഡലത്തില്‍ നിന്ന് 2 തവണ ജയിക്കുകയും 2 തവണ പരാജയപ്പെടുകയും ചെയ്ത ജെ.മേഴ്‌സിക്കുട്ടിയമ്മയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ രംഗത്തിറക്കി കുണ്ടറ പിടിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5990 വോട്ടുകളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 8724 വോട്ടുകളും നേടിയ ബി.ജെ.പിക്ക് മണ്ഡലത്തില്‍ സ്വാധീനമേഖലകളുണ്ട്.

തൊഴിലാളി പ്രവര്‍ത്തക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും മൂന്നര ദശകകാലത്തോളമുള്ള അതിവിപുലമായ പ്രവര്‍ത്തനാനുഭവങ്ങളുടെ കരുത്തിലാണ് മേഴ്‌സിക്കുട്ടിയമ്മ ജനവിധി തേടുന്നത്. മണ്ഡലത്തിലെ കയര്‍, കശുവണ്ടി, മത്സ്യത്തൊഴിലാളി മേഖലകളില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് മേഴ്‌സിക്കുട്ടിയമ്മ. പൊതുവേദികളിലും മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന നേതാവെന്ന നിലയിലുള്ള പ്രതിച്ഛായയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രധാന മുതല്‍ക്കൂട്ട്. പുനര്‍വിഭജനത്തിനുശേഷം കുണ്ടറ മണ്ഡലത്തിന്റെ ജാതി-മതസമവാക്യങ്ങളിലുണ്ടായ മാറ്റമാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ പ്രതീക്ഷയുണര്‍ത്തുന്നത്. ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന് ഭൂരിപക്ഷമുണ്ടായിരുന്ന പഞ്ചായത്തുകള്‍ മണ്ഡലത്തില്‍ നിന്ന് വിട്ടുപോകുകയും നായര്‍ സമുദായത്തിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്ത സാഹചര്യം തങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്ന് യു.ഡി.എഫ് നേതൃത്വം കണക്കുക്കൂട്ടുന്നു.

സി.പി.എമ്മിനുള്ളില്‍ വിഭാഗീയത ഏറ്റവും രൂക്ഷമായി നിലനിന്ന പ്രദേശങ്ങളിലൊന്നാണ് കുണ്ടറ. വിഭാഗീയത ബാധിക്കാതിരിക്കാന്‍ പാര്‍ട്ടി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ബി.ജെ.പിയുടെ വോട്ടുകള്‍ സമാഹരിക്കാനുള്ള ശ്രമം യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ശക്തമായ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാകുകയാണെങ്കില്‍ യു.ഡി.എഫിന് പ്രയോജനം ചെയ്യുമെന്ന കണക്കുകൂട്ടലില്‍ തെരഞ്ഞെടുപ്പിനെ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുന്നതായി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വോട്ടുകള്‍ വര്‍ഗ്ഗീയമായി വിഭജിക്കപ്പെടാതിരിക്കാന്‍ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയവത്ക്കരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു.

തെരഞ്ഞെടുപ്പ് ശക്തമായ രാഷ്ട്രീയപ്പോരാട്ടമായി മാറുമോ, വര്‍ഗ്ഗീയ ധ്രുവീകരണം സംഭവിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും കുണ്ടറയിലെ ഫലം.