പട്ടാമ്പിയില്‍ യുവത്വത്തിന്റെ ആഘോഷം

#

പട്ടാമ്പി :പതിനാലാം കേരളാ നിയമസഭയിലേക്ക് തീ പാറുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പട്ടാമ്പി. 2001 ല്‍ നിസ്സാര വോട്ടുകള്‍ക്ക് ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട മണ്ഡലം 2006 ലും 2011 ലും യു.ഡി.എഫിനെ തുണച്ചു. മണ്ഡലം തിരിച്ചു പിടിക്കുവാനുള്ള തീവ്രശ്രമത്തില്‍ ഇടതുമുന്നണിയും വിജയത്തുടര്‍ച്ചയ്ക്ക് സി.പി മുഹമ്മദും ഏറ്റുമുട്ടുമ്പോള്‍ ഫലം പ്രവചനാതീതം. ജെ.എന്‍.യു വിദ്യാര്‍ത്ഥിയും എ.ഐ.എസ്.എഫ് നേതാവുമായ മുഹമ്മദ് മുഹ്‌സിന്‍ സ്ഥാനാര്‍ത്ഥിയായി വന്നത് മണ്ഡലത്തിലെ യുവാക്കള്‍ക്കിടയില്‍ വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഇടതു സ്ഥാനാര്‍ത്ഥിക്കു പിന്നില്‍ അണിനിരക്കുന്ന യുവാക്കള്‍ വ്യത്യസ്തമായ പ്രചരണ രീതികള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ദിവസം മുതല്‍ മണ്ഡലത്തിലാകെ ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് യുവാക്കള്‍ സജീവമായി മുന്നിലുണ്ട്. മുഴുവന്‍ പഞ്ചായത്തുകളിലെയും കണ്‍വെന്‍ഷനുകളില്‍ ഇടതു യുവജന വിദ്യാര്‍ത്ഥി സംഘടനാ പ്രവർത്തകരുടെ വലിയ പങ്കാളിത്തമായിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, മത, മാധ്യമ സംവാദങ്ങള്‍, പാട്ടുപെട്ടി തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെ യുവ സാന്നിധ്യം ശ്രദ്ധേയമാണ്. ജെ.എന്‍.യു നേതാവ് കനയ്യ കുമാര്‍ കൂടി വരുന്നതോടെ വലിയ യുവജന മുന്നേറ്റത്തിനാണ് പട്ടാമ്പി സാക്ഷിയാകാന്‍ പോകുന്നത്. യുവാക്കള്‍ക്കിടയില്‍ ലഭിച്ച ഇടതു സ്ഥാനാര്‍ത്ഥിയുടെ സ്വീകാര്യത പൊതു സമൂഹത്തില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ പോകുന്നതാണ്. ഇ.എം.എസ്, ഇ.പി ഗോപാലന്‍, കെ.ഇ ഇസ്മായില്‍ തുടങ്ങിയ നേതാക്കളെ വിജയ രഥത്തിലേറ്റിയ പട്ടാമ്പി മുഹ്‌സനിലൂടെ തിരിച്ചു പിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതു ക്യാമ്പ്. പാര്‍ലമെന്റ്, തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനം ഇടതു പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. അടിസ്ഥാന മേഖലയിലെ വികസന പ്രശ്‌നങ്ങള്‍, യു.ഡി.എഫിലെ ഉള്‍പ്പോരുകള്‍, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നടത്തുന്ന വികസന പ്രവര്‍ത്തനം എന്നിവ ജനങ്ങൾക്കിടയിൽ യു.ഡി.എഫിനെതിരായ മനോഭാവം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് മണ്ഡലത്തിൽ ഉടനീളം സഞ്ചരിച്ചതിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.