ഏഴരപ്പൊന്നാനയുടെ നാട്ടില്‍ ഏഴര സ്ഥാനാര്‍ത്ഥികള്‍

#


ഏഴരപ്പൊന്നാനകളുടെ നാടായ ഏറ്റുമാന്നൂരില്‍ ഇത്തവണ 7 സ്ഥാനാര്‍ത്ഥികളും പിന്നെ കോണ്‍ഗ്രസ് വിമതനായ ഒരു സ്ഥാനാര്‍ത്ഥിയും ചേര്‍ന്ന് ഏഴര സ്ഥാനാര്‍ത്ഥികള്‍.

1991 മുതല്‍ തുടര്‍ച്ചയായി 4 തവണ വിജയിച്ച കേരളാ കോണ്‍ഗ്രസ് (മാണി)ഗ്രൂപ്പിലെ തോമസ് ചാഴിക്കാടനെ 2000 ത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുരേഷ് കുറുപ്പ് ഏറ്റുമാന്നൂര്‍ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത്. അതേ എതിരാളികള്‍ തന്നെയാണ് ഇത്തവണയും മത്സരരംഗത്തുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടനെ പരാജയപ്പെടുത്തിയ സുരേഷ് കുറുപ്പ് കഴിഞ്ഞ 5 വര്‍ഷം കൊണ്ട് മണ്ഡലത്തില്‍ നേടിയ അധിക അംഗീകാരവും ഭരണ വിരുദ്ധവികാരവുമാണ് ഇടതുമുന്നണി പ്രധാനമായും പ്രതീക്ഷയര്‍പ്പിക്കുന്ന ഘടകങ്ങള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസ്.കെമാണി ഏറ്റുമാന്നൂരില്‍ നേടിയ 12508 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബി.ഡി.ജെ.എസ്സിന്റെ എ.ജി തങ്കപ്പനാണ്. എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രവര്‍ത്തകര്‍ പൊതുവേ യു.ഡി.എഫ് ആഭിമുഖ്യം പുലര്‍ത്തുന്നവരായിരുന്നു. ആ നിലയില്‍ ബി.ഡി.ജെ.എസ്സിന്റെ സ്ഥാനാര്‍ത്ഥി പിടിക്കുന്ന വോട്ടുകള്‍ ഭൂരിപക്ഷവും യു.ഡി.എഫ് വോട്ടുകളായിരിക്കും. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ 3385 വോട്ടുകളില്‍ നിന്ന് നില വലിയ തോതില്‍ മെച്ചപ്പെടുത്താന്‍ ബി.ഡി.ജെ.എസ്സിന് കഴിയുമെന്നാണ് പ്രതീക്ഷ. ബി.ഡി.ജെ.എസ് പിടിക്കുന്ന കൂടുതല്‍ വോട്ടുകള്‍ യു.ഡി.എഫിന്റെ നില പരുങ്ങലിലാക്കാനാണ് സാദ്ധ്യത.