തൃത്താലയെ കൈവിടാതെ ബലറാം

#

പട്ടാമ്പി : തൃത്താലക്കാര്‍ ബലറാമിനെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ബ്രിഗേഡില്‍ തൃത്താലയിലെത്തിയ ബലറാമിനെ ആദ്യം അംഗീകരിക്കുവാന്‍ തയ്യാറാകാതിരുന്ന ഗ്രൂപ്പുകാര്‍ ഹൈക്കമാന്‍ഡ് നടപടിയെന്ന ചൂരല്‍ പ്രയോഗം പേടിച്ച് കൂടെ നിന്നു. കാലു വാരല്‍ ഒഴിവായി 3197 എന്ന ചരടു വണ്ണത്തില്‍ കടമ്പകടന്ന ബലറാം അങ്ങനെ എല്‍.ഡി.എഫ് കോട്ടയില്‍ വെന്നിക്കൊടി പാറിച്ചു. യുവത്വത്തിന്റെ പ്രതിനിധി എന്ന് സ്വയം അവകാശപ്പെട്ട് കേരളമാകെ നവമാധ്യമങ്ങളിലൂടെ പടര്‍ന്നു. തൃത്താലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഭരണ സ്വാധീനമുപയോഗിച്ച് ചിട്ടയായി നടത്താനായി. ചെയ്തവ എണ്ണി പറഞ്ഞ് വേട്ടാക്കി മാറ്റാന്‍ ബലറാമെന്ന യുവ നേതാവിന് നന്നായറിയാം. ചെറുസ്വീകരണ കേന്ദ്രങ്ങളില്‍ പോലും ചെയ്തവയെക്കുറിച്ച് പറയുന്നതോടൊപ്പം ചെയ്ത് തീര്‍ക്കാനുള്ളവയ്ക്ക് അനുഗ്രഹം തേടുകയും ചെയ്യുന്നുണ്ട് ബലറാം . ഇത്തവണ തൃത്താല ബലറാമിന് ഒരു ബലാബല പരീക്ഷണശാലയല്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സുബൈദ ഇസ്ഹാക്കാണ് എതിരാളി. തെരെഞെടുപ്പ് രാഷ്ട്രീയം നന്നായി വഴങ്ങുന്ന ബലറാമിനെതിരെ അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ കേരളത്തിലെ പുതിയ രാഷ്ട്രീയം ചര്‍ച്ചചെയ്യാന്‍ നിയമസഭയില്‍ അദ്ദേഹം വീണ്ടുമുണ്ടാകും.