ജോര്‍ജ്ജ് വാഴുമോ വീഴുമോ?

#


പൂഞ്ഞാര്‍ കൊട്ടാരത്തിന് കൊട്ടാരം എന്ന പേരുണ്ടെങ്കിലും പഴയ പ്രൗഢി എന്നേ ഓര്‍മ്മയായിക്കഴിഞ്ഞു. ആ അവസ്ഥയിലാണ് പി.സിജോര്‍ജ്ജും. എത്ര വേഗത്തിലാണ് പഴയ പ്രൗഢിയൊക്കെ നഷ്ടപ്പെട്ട് ജോര്‍ജ്ജ് വെറുമൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മാറിയത്! വാക്കുകളില്‍ പഴയ ഗരിമ നിലനിര്‍ത്താന്‍ പാട് പെടുന്നുണ്ടങ്കിലും ജോര്‍ജ്ജ് ഇപ്പോള്‍ പഴയ ജോര്‍ജ്ജല്ല.

പി.സി.ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കുന്നതോടെ പൂഞ്ഞാറില്‍ നടക്കുന്നത് ലക്ഷണമൊത്ത ചതുഷ്‌കോണ മത്സരമായി മാറി. മാണിഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജിനോടൊപ്പം പുറത്തുവന്ന പി.സി.ജോസഫാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. കേരളാ കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവ് ജോര്‍ജ്ജ്കുട്ടി അഗസ്തിയാണ് യു.ഡി.എഫില്‍ നിന്ന് മത്സരിക്കുന്നത്. ബി.ഡി.ജെ.എസ്സിന്റെ എം.ആര്‍.ഉല്ലാസ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഇടതുമുന്നണിയുടെ പരമ്പരാഗത വോട്ടുകളോടൊപ്പം കേരളാ കോണ്‍ഗ്രസ്സിലെ ഭിന്നിപ്പുമൂലം അധികം ലഭിക്കുന്ന വോട്ടുകളും ചേരുമ്പോള്‍ ജയം ഉറപ്പാണെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. പി.സി.ജോര്‍ജ്ജും ബി.ഡി.ജെ.എസ്സും പിടിച്ചുമാറ്റുന്നത് യു.ഡി.എഫിന്റെ വോട്ടുകളാകുമെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍. ഇടുക്കി, കോട്ടയം ജില്ലകളില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രവര്‍ത്തകരിലധികവും കോണ്‍ഗ്രസുകാരാണ്. ബി.ഡി.ജെ.എസ് വഴി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ എന്‍.ഡി.എയിലേക്ക് പോകാന്‍ സാധ്യതയുണ്ട്.

തന്റെ വ്യക്തിപരമായ സ്വാധീനത്തോടൊപ്പം ഇടതുമുന്നണി പ്രവര്‍ത്തകരുടെ രഹസ്യമായ സഹായവും കൂടിയാകുമ്പോള്‍ തനിക്ക് ജയിക്കാനാകുമെന്നാണ് പി.സി.ജോര്‍ജ്ജ് വിശ്വസിക്കുന്നത്. ഇടതുമുന്നണി പ്രവര്‍ത്തകരുമായി നല്ലബന്ധം നിലനിര്‍ത്താന്‍ ജോര്‍ജ്ജ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പാലായില്‍ മാണി.സി.കാപ്പനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുക പോലും ചെയ്തു ജോര്‍ജ്ജ്. ജോര്‍ജ്ജിനോട് ഒരു തരത്തിലുള്ള മൃദുസമീപനവും പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ക്ക് ഇടതുമുന്നണി നല്‍കിയിട്ടുണ്ട്. ജോര്‍ജ്ജിനോട് സി.പി.എം പ്രവര്‍ത്തകര്‍ മൃദുസമീപനം പുലര്‍ത്തുന്നു എന്ന ആരോപണം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ പിണറായി വിജയന്‍ പൂഞ്ഞാറിലെത്തി അണികള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നു. നേതൃത്വം എന്തുപറഞ്ഞാലും സാധാരണ ഇടതുമുന്നണി പ്രവര്‍ത്തകര്‍ തനിക്കു വോട്ടുചെയ്യും എന്ന് ജോര്‍ജ്ജ് പരസ്യമായി പറയുന്നുണ്ട്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഉറപ്പായും ജയിക്കുമെന്നിരിക്കെ ജോര്‍ജ്ജിന് വോട്ടു ചെയ്യാന്‍ ഇടതു പ്രവര്‍ത്തകരാരും തയ്യാറാകില്ലെന്നാണ് മുന്നണി നേതൃത്വം പറയുന്നത്.

ജോര്‍ജ്ജ് ഇടതുക്യാമ്പില്‍ പോകരുതെന്ന നിര്‍ബ്ബന്ധമുണ്ടായിരുന്നു കെ.എം.മാണിക്ക്. പൂഞ്ഞാറില്‍ ജോര്‍ജ്ജ് ഇടതു സ്ഥാനാര്‍ത്ഥിയായാല്‍ പാലായില്‍ തനിക്ക് അത് ദോഷം ചെയ്യുമെന്ന് കണക്കുകൂട്ടിയ മാണിയാണ് ജോര്‍ജ്ജിന്റെ ഇടതുമുന്നണി പ്രവേശം ഇല്ലാതാക്കിയതെന്നും ഇടതുമുന്നണി നേതാക്കളുമായി മാണി പുലര്‍ത്തുന്ന രഹസ്യബന്ധം തിരിച്ചറിഞ്ഞ് മുന്നണി പ്രവര്‍ത്തകര്‍ തനിക്ക് വോട്ടു ചെയ്യണമെന്നും ജോര്‍ജ്ജ് ആവശ്യപ്പെടുന്നുണ്ട്. അത് വിലപ്പോവാന്‍ സാധ്യത കുറവാണ്. ചതുഷ്‌കോണ മത്സരത്തില്‍ ഇടതുമുന്നണിക്കാണ് സാധ്യത കൂടുതല്‍.