പാരമ്പര്യം ചരിത്രമാകുന്നു

#


ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന ഇ.എം.എസ്സിന്റെ നാടെന്ന പെരുമയുണ്ട് പെരിന്തൽമണ്ണയ്ക്ക്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ തെരഞ്ഞെടുപ്പിന്റെ തുടക്കകാലങ്ങളില്‍ ഇടതുപക്ഷത്തെ പിന്തുണച്ച മണ്ഡലം പിന്നീട് മുസ്ലീംലീഗിന്റെ കുത്തകയായി മാറുകയാണുണ്ടായത്. 1970 മുതലുള്ള തെരഞ്ഞെടുപ്പില്‍ 2006 നെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടര്‍മാര്‍ നിന്നത് ലീഗിനൊപ്പമായിരുന്നു.

രണ്ടാം അങ്കത്തിനൊരുങ്ങി സിറ്റിംഗ് എം.എല്‍.എ മഞ്ഞളാംകുഴി അലി മത്സരത്തിനിറങ്ങുമ്പോള്‍ മുഖ്യഎതിരാളി സി.പി.എമ്മിന്റെ വി.ശശികുമാറാണ്. തുടര്‍ച്ചയായ നാലാം തവണ മത്സരിക്കാനിറങ്ങുന്ന ശശികുമാര്‍ തന്റെ രണ്ടാം വിജയത്തിനുള്ള സാധ്യതകള്‍ തേടിയാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. 2011 ല്‍ എല്‍.ഡി.എഫ് വിട്ട് മുസ്ലിംലീഗിലേക്ക് ചേക്കേറിയ അലി ആ വര്‍ഷം പെരിന്തല്‍മണ്ണയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി നിന്ന് നേടിയത് 69730 വോട്ടുകളാണ്. എതില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ശശികുമാറിനെക്കാള്‍ 9589 വോട്ടുകൾ കൂടുതൽ. 2001 ലും 2006 ലും എല്‍.ഡി.എഫിന് വേണ്ടി മങ്കട മണ്ഡലത്തില്‍ നിന്ന് ജയിച്ച ചരിത്രം ഇത്തവണ പെരിന്തല്‍മണ്ണയില്‍ നിന്ന് ലീഗിന് വേണ്ടി അലി ആവര്‍ത്തിച്ചപ്പോള്‍ ഇടതുമുന്നണിയുടെ സിറ്റിംഗ് എം.എല്‍.എ ആയിരുന്ന ശശികുമാര്‍ പരാജയത്തിന്റെ രുചി അറിഞ്ഞു. 60141 വോട്ടുകളാണ് ശശികുമാറിന് നേടാനായത്.

അലിയെ എതിര്‍ക്കാന്‍ പറ്റിയ ശക്തനായ എതിരാളി എന്ന കണക്കുകൂട്ടലിലാണ് ശശികുമാറിനെ ഇത്തവണയും സി.പി.എം രംഗത്തിറക്കുന്നത്. മുസ്ലീംലീഗിന്റെ കോട്ടയില്‍ 2006 ല്‍ ശശികുമാറ് നേടിയ വിജയം ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പ്രതീക്ഷ പകരുന്നുണ്ട്. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ വി.എസ്.അച്ചുതാനന്ദന്റെ ജനസമ്മതിയും ഇടതുസ്ഥാനാര്‍ത്ഥിക്ക് അനുകൂല ഘടകമാകാം.

മണ്ഡലത്തില്‍ വലിയ വിജയങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ബി.ജെ.പിയും ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുസ്ലീംലീഗിന്റെ കരുത്തുറ്റ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ഒരവസരമായാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സി.കെ.കുഞ്ഞിമുഹമ്മദിന് നേടാനായത് വെറും 1989 വോട്ടുകളാണ്. പക്ഷേ ജയപരാജയങ്ങള്‍ക്കപ്പുറം മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ഉറപ്പാക്കാനായി എന്‍.ഡി.എ സഖ്യത്തിന്റെ പിന്‍ബലത്തിലിറങ്ങുന്ന ബി.ജെ.പിക്ക് വേണ്ടി മത്സരിക്കാനിറങ്ങുന്നത് എം.കെ സുനിലാണ്.

എല്ലാത്തവണയും സംസ്ഥാനത്ത് യു.ഡി.എഫ് വിജയക്കൊടി നാട്ടുന്നത് മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളില്‍ മുസ്ലീംലീഗ് നേടുന്ന വിജയത്തിന്റെ പിന്‍ബലത്തോടെയാണ്. ഇത്തവണയും യു ഡി എഫിന് താങ്ങാവാന്‍ മുസ്ലീംലീഗിന് കഴിയുമോ ?അതോ 2006 ലെ വിജയം ആവര്‍ത്തിച്ച് ഇടതുമുന്നണി മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കുമോ? പെരിന്തൽമണ്ണയിൽ അട്ടിമറിക്ക് സാധ്യത കുറവാണെന്നാണ് മണ്ഡലത്തിൽ നടത്തിയ ഒരു ഓട്ടപ്രദക്ഷിണത്തിൽ നിന്ന് ഞങ്ങൾക്ക് തോന്നിയത്.