ഒളിയമ്പിന്റെ മൂര്‍ച്ച

#


വനവാസക്കാലത്ത് പാണ്ഡവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നു എന്ന് കരുതുന്ന പാണ്ഡവന്‍പാറ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഐതിഹ്യ പ്രസിദ്ധിയുള്ള സ്ഥാനമാണ്. നേര്‍യുദ്ധത്തെക്കാള്‍ ഒളിയുദ്ധങ്ങള്‍ക്ക് പ്രാധാന്യമുള്ള ഇതിഹാസങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഒരേ ചേരിയില്‍ നിന്ന് തന്നെ ഒന്നിലധികം പോരാളികള്‍ അണിനിരക്കുന്ന ഇത്തവണത്തെ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പുകളം.

ശോഭനാ ജോർജ്ജിന്റെ രാഷ്രീയ ഭാവി എഴുതി തള്ളിയവർക്ക് അവർ മറുപടി നല്കിയത് ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗ പ്രവേശനം ചെയ്തു കൊണ്ടായിരുന്നു. പാർട്ടി വിട്ട് സ്വതന്ത്രയായി മത്സരിക്കുന്നത് കൊണ്ട് ശോഭനയെ കോൺഗ്രസ് വിമത എന്ന് വിളിക്കാനും കഴിയില്ല. ബിഷപ്പ് മാർ അത്തനേഷ്യസിന്റെ അനുഗ്രഹത്തോടെ മത്സരിക്കുന്ന ശോഭന ഇടതിൽ നിന്ന് കോൺഗ്രസിനു വേണ്ടി മണ്‌ഡലം പിടിച്ച് രണ്ട് തവണ തുടർച്ചയായി വിജയിക്കുകയും ചെയ്തതാണ്.

തിരുവല്ലയിലെ വിമതശല്യം ഒത്തു തീർക്കാൻ കഴിഞ്ഞ കോൺഗ്രസിനു പക്ഷേ ശോഭനയെ ഒരു തരത്തിലും അനുനയിപ്പിക്കാൻ കഴിഞ്ഞില്ല. ഫലം കേരളത്തിലെ തന്നെ വീറുറ്റ മത്സരങ്ങളിലൊന്നായി ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ്.

കോൺഗ്രസിനു വേണ്ടി ഉമ്മൻ ചാണ്ടിക്ക് ഏറ്റവും വേണ്ടപ്പെട്ട യുവനിരയിലെ പി സി വിഷ്ണുനാഥ്, സി പി എമ്മിന് വേണ്ടി അഡ്വ കെ കെ രാമചന്ദ്രൻ നായർ, എൻ ഡി എ മുന്നണിക്കായി ബി ജെ പി യിലെ മുതിർന്ന നേതാവ് പി എസ് ശ്രീധരൻ പിള്ള എന്നിവരാണ് മത്സര രംഗത്തുള്ളത്.

2006 ലും 2011 ലും ഇടതിനെ ശക്തമായി ചെറുക്കാനും എം എൽ എ ആയ ശേഷം ഇമേജ് പരിപോഷിപ്പിക്കാനും യുവനിര നേതാക്കന്മാരിലെ പ്രമുഖരിൽ എന്ന പരിവേഷം നില നിറുത്താനും വിഷ്നുനാഥിനു കഴിഞ്ഞത് മറ്റു സ്ഥാനാർത്ഥികൾക്ക് മത്സരം കടുപ്പമേറിയതാക്കുന്നു. ചാനൽ ചർച്ചകളിൽ സജീവമാകുന്ന തിരക്കിൽ മണ്ഡലം മറന്നു പോയി വിഷ്നുനാഥ് എന്നാണ് രാമചന്ദ്രന നായർ പറയുന്നത്. എന്നാൽ കണക്കുകൾ കോൺഗ്രസിന് അനുകൂലമാണ്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ മികച്ച ഭൂരിപക്ഷമുണ്ടായിരുന്നു യു.എഡി.എഫിന് വിഷ്ണുനാഥ് കഴിഞ്ഞ തവണ വിജയിച്ചതാകട്ടെ അമ്പത് ശതമാനത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിനും. വിഷ്ണുനാഥിനെ സഹായിച്ചിരുന്ന എൻ.എസ്.എസ്സിന്റെ പിന്തുണ ബി.ജെ.പി സ്ഥാനാർത്ഥി ശ്രീധരൻ പിള്ളയും പ്രതീക്ഷിക്കുന്നുണ്ട്. എൻ എസ് എസ്എസിന്റെ ലീഗൽ അഡ്വൈസറായ ശ്രീധരൻപിള്ള നായർ വോട്ടുകളിൽ വലിയ തോതിൽ കടന്നു കയറുകയും ശോഭനാ ജോർജ് കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ സൃഷ്ടിക്കുകയും ചെയ്‌താൽ മാത്രമേ വിഷ്ണുനാഥ് ഭയപ്പെടേണ്ടതുള്ളൂ.