എതിരില്ലാത്ത വലിപ്പം

#


മലമ്പുഴയില്‍ കാനായി സൃഷ്ടിച്ച യക്ഷി എതിരില്ലാത്ത ശക്തിയുടെയും വലിപ്പത്തിതന്റെയും പ്രതീകമാണ്. മലമ്പുഴയില്‍ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദനും തെരഞ്ഞെടുപ്പ് വേദിയില്‍ എതിരില്ലാത്ത ഔന്നത്യത്തിലാണ്.

1996 ല്‍ മാരാരിക്കുളത്തുണ്ടായ അപ്രതീക്ഷിതമായ തോല്‍വിയാണ് 2001 ലെ അടുത്ത തെരഞ്ഞെടുപ്പില്‍ അച്ചുതാനന്ദനെ മലമ്പുഴയില്‍ എത്തിച്ചത്. സി.പി.എമ്മിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നായ മലമ്പുഴയില്‍ ആദ്യതവണ മത്സരിച്ചപ്പോള്‍ 5000 ല്‍ താഴെ വോട്ടുകള്‍ക്കാണ് വി.എസ് വിജയിച്ചത്. 2006 ല്‍ ഭൂരിപക്ഷം 20017 ആയും 2011 ല്‍ അത് 23440 ആയും വര്‍ദ്ധിച്ചു. ഇത്തവണ വി.എസ്സിന്റേത് റെക്കോഡ് ഭൂരിപക്ഷമാക്കുമെന്ന വാശിയിലാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍.

വി.എസ്സിനെ തോല്‍പ്പിക്കുമെന്ന തീരുമാനവുമായി വെള്ളാപ്പള്ളി നടേശന്‍ മലമ്പുഴയില്‍ ക്യാമ്പു ചെയ്തു പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന വാര്‍ത്ത ഇടതുമുന്നണി പ്രവര്‍ത്തകര്‍ പരിഹസിച്ചു തള്ളി. അതുപോലെ വി.എസ്സിനെതിരായ നീക്കങ്ങള്‍ സി.പി.എമ്മിനുള്ളില്‍ നടക്കുന്നുണ്ട് എന്ന വാര്‍ത്തകള്‍ വെറും വ്യാജപ്രചരണങ്ങളാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിയാണ് യു.ഡി.എഫിനു വേണ്ടി മത്സരരംഗത്തുള്ളത്. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍. സംസ്ഥാനത്താകെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കുന്ന വി.എസ്സിനുവേണ്ടി മുന്നണി പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. മലമ്പുഴയുടെ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്നതിനെക്കുറിച്ച് മൂന്നു മുന്നണികള്‍ക്കും ജനങ്ങള്‍ക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല.