പെമ്പിളൈ ഒരുമിച്ച ദേവികുളം

#


നമ്മുടെ ചിഹ്നം ടാര്‍ച്ച് ചിഹ്നം. ഏഴെയെങ്കളില്‍ ചിഹ്നം ടാര്‍ച്ച് ചിഹ്നം വെട്രിയില്‍ ചിഹ്നം ടാര്‍ച്ച് ചിഹ്നം.

ദേവികുളത്തിലെ മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും 140 സ്‌കെച്ചസ് സംഘമെത്തുമ്പോള്‍ മുഴങ്ങിക്കേട്ട സ്ത്രീശബ്ദം. പെമ്പിളൈ ഒരുമിച്ച ദേവികുളത്ത് ഇടതു-വലതുമുന്നണികള്‍ക്കൊപ്പമോ അതുക്കും മേലെയോ ആണ്. തോട്ടം തൊഴിലാളികളുടെ പുതിയ സംഘടനയുടെ ശക്തമായ പ്രചരണം. ദേശീയ ശ്രദ്ധ നേടിയ പെണ്‍കൂട്ടായ്മ ജനങ്ങളോട് പറയുന്നത്, തോട്ടം മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രമല്ല. ദളിത്, പരിസ്ഥിതി, സ്ത്രീ വിഷയങ്ങളും ഒപ്പം വിനോദ സഞ്ചാരമേഖലയിലെ വികസനങ്ങളെക്കുറിച്ചുമാണ്. പതിനായിരക്കണക്കിന് ടൂറിസ്റ്റുകള്‍ വരുന്ന മൂന്നാറില്‍ സഞ്ചാരികള്‍ക്കോ നാട്ടുകാര്‍ക്കോ ഉപയോഗിക്കാന്‍ ഒരു പൊതു ശുചിമുറിയില്ലാത്തത് ആദ്യം പറഞ്ഞതും ഉറക്കെ പറഞ്ഞതും പെമ്പിളൈ ഒരുമൈ മാത്രമാണ്.

ഇരുത്തം വന്ന രാഷ്ട്രീയനേതാക്കന്മാരുടെ ഭാഷയിലാണ് പെമ്പിളൈ ഒരുമൈ നേതാക്കളായ ശ്രീലജയും സ്റ്റെല്ലാമേരിയുമെല്ലാം 140 സ്‌കെച്ചസിനോട് സംസാരിച്ചത്. ജനകീയ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പറയുമ്പോള്‍ ആ സ്ത്രീ ശബ്ദത്തിന്റെ ശക്തി തിരുവനന്തപുരം മുതല്‍ ഇതുവരെയുള്ള ഞങ്ങളുടെ യാത്രയിലെ അപൂര്‍വ്വതയായിരുന്നു. അതുകൊണ്ട് തന്നെയാവണം പെണ്‍കൂട്ടായ്മയെ ഇടുക്കിയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ അവഗണിക്കാനാകാത്ത ശക്തിയായി കണക്കാക്കുന്നതും ഇടതു-വലതു മുന്നണികളെ മാറിമാറി ഭരിച്ചിട്ടുള്ള ദേവികുളത്ത് സി.പി.എമ്മിന്റെ എസ്.രാജേന്ദ്രനാണ് ഇപ്പോഴത്തെ സിറ്റിംഗ് എം.എല്‍.എ. രാജേന്ദ്രന്‍ തന്നെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. മുന്‍ എം.എല്‍.എ കൂടിയായ എ.കെ.മണിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും എല്ലാം മത്സരരംഗത്തുണ്ട്. തമിഴ് ഭാഷ സംസാരിക്കുന്നവരോ തമിഴ്‌നാട്ടില്‍ നിന്ന് കുടിയേറി പാര്‍ത്തവരോ ആണ് വോട്ടര്‍മാരില്‍ ഭൂരിപക്ഷവും എന്നുള്ളതുകൊണ്ട് തമിഴിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേറെയും. തോട്ടം തൊഴിലാളി സമരത്തോട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാടുകളോടുള്ള പ്രതിഷേധം കൂടിയാകും ഈ തെരഞ്ഞെടുപ്പ്