ഇനിയും ശേഷിക്കുന്ന വയലേലകള്‍

#

പാലക്കാടന്‍ മട്ടയുടെ നറുമണമാണ് ചിറ്റൂരിലെ കാറ്റിന് പോലും. കേരളത്തിന്റെ നെല്ലറയില്‍ രാഷ്ട്രീയ ചൂടും വേനല്‍ ചൂടും മത്സരിക്കുകയാണ്. തമിഴ് ചുവ കലര്‍ന്ന രാഷ്ട്രീയ ചര്‍ച്ചകളും സജീവമാകുന്ന ചിറ്റൂര്‍, പാലക്കാട് പട്ടണത്തില്‍ നിന്ന് ഏകദേശം 15 കി.മി തെക്ക് ഭാഗത്തായി ചിറ്റൂര്‍ പുഴയുടെ കരയില്‍ പാലക്കാടിന്റെ സര്‍വ്വ സൗന്ദര്യവും ആവാഹിച്ച് ഇങ്ങനെ തെളിഞ്ഞ് കിടക്കുമ്പോള്‍ രാഷ്ട്രീയ കേരളത്തിന്റെ തിരശ്ശീലയിലും ചിറ്റൂര്‍ ചര്‍ച്ചയാകുന്നു. കുംഭ മാസത്തില്‍ ചിറ്റൂരിന്റെ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുന്ന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം പോലെയാണ് ചിറ്റൂരുകാര്‍ക്ക് തെരഞ്ഞെടുപ്പു കാലവും. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ചിറ്റൂരില്‍ ഒരു തുറന്ന പോരാട്ടത്തിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. 1,67,800 വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ചിറ്റൂരിലുള്ളത്. അതില്‍ തന്നെ 82,815 പുരുഷ വോട്ടര്‍മാരും 84,985 സ്ത്രീ വോട്ടര്‍മാരും ഇവിടെയുണ്ട്. ചെങ്കൊടിക്ക് അഭിവാദ്യമര്‍പ്പിച്ച് നിയമസഭയിലേയ്ക്ക് ജനപ്രതിനിധികളെ അയച്ച പാരമ്പര്യമാണ് പാലക്കാടിനുള്ളത്. എന്നാല്‍ കോണ്‍ഗ്രസിലെ കെ.അച്ചുതന്‍ അഞ്ചാം തവണയും ജനവിധി തേടുന്ന മണ്ഡലമാണ് ചിറ്റൂര്‍. മുന്‍ എം.എല്‍.എയും ജനദാതള്‍(എസ്) ദേശീയ നിര്‍വാഹക സമിതി അംഗവുമായ കെ.കൃഷ്ണന്‍ കുട്ടി പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അച്ചുതന്റെ എതിരാളിയാകുന്ന പ്രത്യേകതയും ഇത്തവണയുണ്ട്. എം.ശശികുമാറാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥിയായി എന്‍.മയില്‍ സ്വാമിയും രംഗത്തുണ്ട്. വിമത സ്ഥാനാര്‍ത്ഥികളുടെ മോശമല്ലാത്ത ഒരു നിരയും ഇത്തവണ ചിറ്റൂരിന്റെ തെരഞ്ഞെടുപ്പിന് ആവേശം കൂട്ടുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി നല്‍കിയ ആര്‍.ബി.സി മുന്നണിയും അവര്‍ മുഖ്യധാര പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്ന ജല രാഷ്ട്രീയവും വേനല്‍ ചൂടിനൊപ്പം വെല്ലുവിളി ഉയര്‍ത്തുന്നു. അണ്ണാ ഡി.എം.കെയിലൂടെ തമിഴക രാഷ്ട്രീയം ചിറ്റൂരിന്റെ മണ്ണിലേയ്ക്ക് കടന്നു വന്നത് ജനവിധിയുടെ പുതിയ ചാലുകള്‍ തുറക്കാനിടയുണ്ടെന്ന അഭ്യൂഹം ശക്തമാണ്. പോരാട്ട ചൂടിന്റെ അന്തിമാവേശ ത്തിലാണ് ഇപ്പോള്‍ ചിറ്റൂരും പരിസര പ്രദേശങ്ങളുമെന്ന് തന്നെ പറയാം.