കൊളുന്തു നുള്ളുന്നവര്‍ വിധി പറയുന്ന പീരുമേട്

#


പ്രകൃതിയുടെ കൈയൊപ്പാണ് പീരുമേട്. പീരുമേടിനെ തലോടിയൊഴുകുന്ന തണുത്ത ഇളം കാറ്റില്‍ സുഗന്ധം മണക്കുന്നു. സുഗന്ധ വിളകള്‍ നിറഞ്ഞ കൃഷിയിടങ്ങളില്‍ നിന്നാണ് ഈ കാറ്റ്. സൂഫി സന്ന്യാസിയായ പീര്‍ മുഹമ്മദിന്റെ ശവകുടീരം ഈ മനോഹര താഴ്‌വരയിലാണ്. ഇദ്ദേഹത്തിന്റെ നാമത്തില്‍ നിന്നാണ് പീരുമേടെന്ന പേരിന്റെ ഉത്ഭവം. മഞ്ഞു പുതച്ച പീരുമേടിന്റെ താഴ്‌വാരങ്ങളും ഇപ്പോള്‍ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളിലാണ്. ഇടുക്കി ജില്ലയിലെ തേക്കടിയിലേക്കുള്ള പാതയില്‍ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് മനോഹരിയായ പീരുമേട്. ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ പീരുമേടിന്റെ രാഷ്ട്രീയ മനസ് തോട്ടം തൊഴിലാളികളെ കേന്ദ്രീകരിച്ചാണ്. സ്ഥലത്തെ പ്രധാന പ്രശ്‌നങ്ങളെല്ലാം തോട്ടം മേഖലയില്‍ നിന്ന് തന്നെയാണ്. സി.പി.ഐയുടെ സിറ്റിങ്ങ് എം.എല്‍.എയായ ഇ.എസ്.ബിജിമോള്‍ തന്നെയാണ് പീരുമേട്ടിലെ എല്‍.ഡി.എഫ് പാളയത്തില്‍ നിന്ന് ഇത്തവണയും അങ്കത്തിനിറങ്ങുന്നത്. കോണ്‍ഗ്രസിന്റെ അഡ്വ. സിറിയക് തോമസാണ് ബിജിമോളുടെ എതിരാളി. വ്യക്തിപ്രഭാവത്തില്‍ പീരുമേടിന്റെ ജനമനസിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ സിറിയക് തോമസിലൂടെ യു.ഡി.എഫ് ഇത്തവണ ശ്രമിക്കുകയാണ്. ഒരിക്കലും അറുതിയില്ലാത്ത തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ് പീരുമേടിന്റെ പപച്ചപ്പിനെ ചൂഴ്ന്നു നില്‍ക്കുന്നത്.

എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയും ഇത്തവണ മത്സരത്തിനുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച ബിജിമോളെ തമിഴ് വിരുദ്ധയായി ചിത്രീകരിച്ച് തമിഴ് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുണ്ടായതായി ഇടതുമുന്നണി പ്രവർത്തകർ പറഞ്ഞു. തോട്ടം തൊഴിലാളികളായ തമിഴർ തോട്ടം തൊഴിലാളികുടുംബത്തിൽ നിന്നുള്ള ബിജിമോൾക്കെതിരെ നിലപാട് എടുക്കില്ലെന്നാണ് ഇടതുമുന്നണി പ്രവർത്തകർ വിശ്വസിക്കുന്നത്.കഴിഞ്ഞ 10 വർഷക്കാലം എം.എൽ.എ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ബിജിമോൾക്ക് അനുകൂലമായി പീരുമേട് വിധിയെഴുതുമെന്ന ഇടതുമുന്നണി പ്രവർത്തകരുടെ വിശ്വാസം അസ്ഥാനത്തല്ലെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്.