കോട്ടയിലെ ത്രികോണക്കിടങ്ങ്‌

#


പാലക്കാട് കോട്ടയിലെ കിടങ്ങ് ചാടിക്കടക്കുന്നതുപോലെ ബുദ്ധിമുട്ടേറിയതാണ് ഇത്തവണ മണ്ഡലത്തില്‍ ജയിക്കുന്നത്.

ഉയർന്ന ശബ്ദത്തിൽ ബി ജെ പി അല്ലാത്ത എന്തിനെയും തകർക്കുമെന്ന മട്ടിലാണ് ശോഭാ സുരേന്ദ്രൻ സംസാരിക്കുന്നത്. പാലക്കാട്- കേരളത്തിൽ ബി ജെ പി ഭരിക്കുന്ന ഒരേയൊരു നഗരസഭ, ബി ജെ പി ക്ക് പ്രതീക്ഷയുള്ള സീറ്റുകളിലൊന്ന് പിടിക്കാൻ പാർട്ടി അവരെയാണ് ചുമതലപ്പെടുത്തിയത്. അതൊരു വലിയ ചുമതലയാണു താനും. എതിർ ഭാഗത്ത് സി പി എമ്മിന്റെ പാലക്കാട്ടെ പ്രബല മുഖമാണ് എൻ.എൻ കൃഷ്ണദാസ് , പരിചയ സമ്പത്തും ജനപ്രിയതയും വേണ്ടുവോളം. കോൺഗ്രസ് നിലവിലെ എം എൽ എ ഷാഫി പറമ്പലിനെ തന്നെ നിറുത്തിയതോടെ ആർക്കും എളുപ്പമല്ലാത്തതായി മാറി പാലക്കാട്ടെ പോരാട്ടം.

നഗരസഭ ഭരണമുണ്ടെങ്കിലും നിയമസഭയിലേക്ക് ജയിച്ചു കയറുക എന്നത് അത്ര എളുപ്പമല്ല പാർട്ടിക്ക്. കേരളത്തിൽ ഓടി നടന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദി ആദ്യം തിരഞ്ഞെടുത്തത് പാലക്കാടിനെയാണ്. പാര്ട്ടി പാലക്കാടിനു കൊടുക്കുന്ന പ്രാധാന്യം ഇതിൽ നിന്നും വ്യക്തം. എന്നാൽ പാർട്ടി പാലക്കാടൻ ഘടകത്തിലെ നേതാക്കൾക്കിടയിലെ അഭിപ്രായ വ്യത്യാസവും ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയതിലെ അതൃപ്തിയും മത്സരം ബി ജെ പി യിൽ നിന്നും അകറ്റി.

അങ്ങനെയെങ്കിലും മത്സരം ഒട്ടും തണുക്കുന്നില്ല പാലാക്കാട്ട് . കൃഷ്ണദാസിന്റെ മുതിർന്ന നേതാവ് എന്ന ഇമേജിനെ വെല്ലുവിളിക്കാൻ തക്ക സ്വാധീനം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഷാഫി പറമ്പിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. 7403 വോട്ടിനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി പി എമ്മിന്റെ കെ ക ദിവാകരൻ ഷാഫിയോട് പരാജയപ്പെട്ടത്. ഇത്തവണയും മുൻ എം എൽ എ കൂടിയായ ദിവാകരനെ സ്ഥാനാർത്ഥിയാക്കാൻ ജില്ലാ നേതൃത്വം ശുപാർശ ചെയ്തെങ്കിലും കൃഷ്ണദാസിനു മണ്ഡലത്തിലുള്ള സ്വാധീനം പരിഗണിച്ച് സ്ഥാനാർത്ഥി കൃഷ്ണദാസ് മതിയെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. മുൻ എം പി യായ കൃഷ്ണദാസിനു പാർലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവാണ് ഈ തിരഞ്ഞെടുപ്പ്.

നഗരസഭ ബി ജെ പിയാണ് ഭരിക്കുന്നതെങ്കിലും നിയമസഭ നിയോജക മണ്ഡലത്തിലെ രണ്ടു ഗ്രാമ പഞ്ചായത്തുകൾ ഇടതു മുന്നണിയുടെ കൈയിലും ബാക്കിയുള്ള ഒന്ന് യു ഡി എഫു മാണ് ഭരിക്കുന്നത്. മൊത്തം വോട്ടർമാർ 1,72,875 , ഇതിൽ പുതിയ വോട്ടർമാർ 5,939. പ്രവചനാതീതമായ മത്സരമാണെങ്കിലും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നത് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.