തേക്കിന് ചിതല്‍

#

നിലമ്പൂര്‍ : നിലമ്പൂര്‍ തേക്ക് ലോകപ്രശസ്തമാണ്. തേക്ക് മരങ്ങളാകട്ടെ വന്‍മരങ്ങളും. കേരളത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് നിലമ്പൂർ. അപ്രതീക്ഷിത അട്ടിമറികള്‍ക്ക് നിലമ്പൂര്‍ സാക്ഷ്യംവഹിക്കുമോ അതോ തേക്കിന്‍ മ്യൂസിയത്തിനു മുന്നിലെ ശില്‍പ്പം പോലെ വന്‍മരങ്ങല്‍ക്കു പിന്നില്‍ നിലമ്പൂര്‍ അണിനിരക്കുമോ? ആര്യാടന്‍ മുഹമ്മദ് എന്ന രാഷ്ട്രീയ ചാണക്യന്റെ സ്വന്തം മണ്ഡലം. ഇത്തവണ ആര്യാടനു പകരം മകന്‍ ആര്യടന്‍ ഷൗക്കത്താണ് അരങ്ങില്‍. 4 തവണയായി ഇടവേളകളില്ലാതെ ജയിച്ചു വരുന്ന ആര്യാടന്‍ യുഗത്തിന്റെ തുടര്‍ച്ചയ്ക്ക് എല്‍.ഡി.എഫ് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. തൊട്ടടുത്ത മണ്ഡലമായ ഏറനാടില്‍ 2011 ലെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മത്സരം കാഴ്ചവെച്ച പി.വി അന്‍വറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. സോളാര്‍ കേസും കോണ്‍ഗ്രസ്സ് ഓഫീസിലെ രാധാ വധവും എല്‍.ഡി.എഫിന്റെ ശക്തമായ ആയുധങ്ങളാണിവിടെ. പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സി.പി.ഐ.എമ്മില്‍ പ്രാദേശിക ഘടകങ്ങളില്‍ അസ്വാരസ്യം ഉണ്ടായിരുന്നെങ്കില്‍ നേതൃത്വം ഇടപെട്ട് അതൊക്കെ പരിഹരിച്ചു. പക്ഷേ, ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നമടക്കമുളള വികസന വിഷയങ്ങളുയര്‍ത്തിയും രാജഭരണമല്ല മകനെ ചെങ്കോല്‍ ഏല്‍പ്പിക്കാനെന്ന് തുടങ്ങുന്ന പ്രചരണങ്ങളിലൂടെയും നിലമ്പൂരുകാരെ മുഴുവന്‍ കൈയ്യിലെടുത്ത് മണ്ഡലം നിറഞ്ഞ് നില്‍ക്കുകയാണ് അന്‍വര്‍ എന്ന എല്‍.ഡി.എഫ് പോരാളി. തെരഞ്ഞെടുപ്പ് ചതുരംഗത്തിലെ കളികള്‍ നല്ലവശമുള്ള ആര്യാടന്‍മാര്‍ ആവനാഴിയില്‍ നിന്ന് ഏതായുധവും പുറത്തെടുത്തേക്കാം.അടിഒഴുക്കുകള്‍ അവസാന മണിക്കൂറില്‍ നിലമ്പൂരിന്റെ വിധി എഴുതുമെന്നാണ് 140 സ്‌കെച്ചസിന്റെ കണക്കു കൂട്ടല്‍. ചിതലരിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്ന വന്‍മരങ്ങള്‍ തേക്കിന്‍ മ്യൂസിയത്തിലെ കാഴ്ചവസ്തുക്കളായി മാറിയേക്കും എന്നാണ് ഞങ്ങളുടെ തോന്നൽ.