ജിഷ ചാരമാകാത്ത കനല്‍ പോലെ

#


ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനി നേരിട്ട ദാരുണമായ അന്ത്യം പെരുമ്പാവൂരില്‍ എല്ലാ തെരഞ്ഞെടുപ്പു വിഷയങ്ങളെയും അപ്രസക്തമാക്കി. വീടെന്നു പറയാന്‍ കഴിയാത്ത, ഒരു സുരക്ഷിതത്വവുമില്ലാത്ത ഒരു മറപ്പുരയ്ക്കുള്ളില്‍ 2 സ്ത്രീകള്‍ അക്രമികളെയും പീഡനത്തെയും ഭയപ്പെട്ട് കഴിഞ്ഞത് ഈ നാട്ടില്‍ ജനപ്രതിനിധികളും നീതിപാലകരും ഒന്നും അറിയാതെ പോയി എന്നത് ഇവിടെ നിലനില്‍ക്കുന്ന മനുഷ്യത്വ ശൂന്യമായ അവസ്ഥ വ്യക്തമാക്കുന്നു. പൈശാചികമായ രീതിയില്‍ ജിഷ കൊത്തിനുറുക്കപ്പെട്ടതിനു ശേഷം ജിഷയുടെ അമ്മയെ ആശ്വസിപ്പിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ഊഴംവെച്ച് തള്ളിക്കയറുകയായിരുന്നു.

മൂന്നു മുന്നണികളും വാശിയേറിയ മത്സരത്തിലാണ്. പക്ഷെ ഒരു പാവപ്പെട്ട യുവതി പട്ടാപ്പകല്‍ കൊത്തിനുറുക്കപ്പെട്ടിട്ട് അതെങ്ങനെ സംഭവിച്ചു, ആരാണ് ഉത്തരവാദി, എന്തിനു വേണ്ടിയെന്നു കണ്ടെത്താന്‍ ഇത്രയേറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കഴിയാത്തതില്‍ നീതിബോധമുള്ള മനുഷ്യര്‍ അസ്വസ്ഥരും രോഷാകുലരുമാണ്.

തെരഞ്ഞെടുപ്പില്‍ എല്‍ദോസ് കുന്നപ്പള്ളി ജയിച്ചാലും സാജു പോള്‍ ജയിച്ചാലും ജിഷയുടെ അനുഭവം അവരെ വേട്ടയാടുമെന്നുറപ്പ്. ജനപ്രതിനിധികള്‍ സ്വന്തം ജനങ്ങളോടു പുലര്‍ത്തേണ്ട നീതിയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ എന്ന നിലയില്‍ സംസ്ഥാനത്തെ എല്ലാ ജനപ്രതിനിധികളുടെയും മനസ്സില്‍ നിന്ന് ജിഷ മാഞ്ഞു പോകാതിരിക്കട്ടെ.