സിഗ്നല്‍ പച്ചയോ ചുവപ്പോ

#


ഏറെ ചരിത്ര പ്രാധാന്യമുണ്ട് മങ്കടയിലെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്. ബ്രിട്ടീഷ് ഏകാധിപത്യത്തിന്റെയും ഭരണതന്ത്രങ്ങളുടെയും ഫലമായിരുന്നു അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍. വികസനത്തിന് നാട് വഴിമാറിയപ്പോള്‍ ജനങ്ങള്‍ ഏകാധിപത്യത്തിന് അടിമകളാവുകയായിരുന്നു. കേരളത്തിലെ പ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളിലൊന്നായ മാപ്പിള ലഹള അരങ്ങേറിയ മലപ്പുറത്തിന്റെ മാറിലാണ് മങ്കട. ലീഗ് എടുത്തു പറയുന്ന വികസനങ്ങളിലൊന്നാണ് അങ്ങാടിപ്പുറം പാലം. സിറ്റിംഗ് എം.എല്‍.എയായ ടി.എ.അഹമ്മദ് കബീര്‍ തന്നെയാണ് ഇത്തവണയും ലീഗിന്റെ സ്ഥാനാര്‍ത്ഥി. ലീഗ് കോട്ടയില്‍ പോരാട്ടത്തിനായി ഇറങ്ങുന്നത് എല്‍.ഡി.എഫിന്റെ ടി.കെ.റഷീദലിയാണ്.

ലീഗിന്റെ അഴിമതി, ഏകാധിപത്യം, സ്വജനപക്ഷപാതം തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫിന്റെ പ്രചരണം. വികസനങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന ലീഗിന് മുമ്പില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളാണ് ഇടതുമുന്നണി മുന്നോട്ടുവയ്ക്കുന്ന പ്രചാരണായുധങ്ങള്‍. ലീഗ് ഭരണത്തില്‍ നിന്ന് ജനങ്ങള്‍ മാറ്റമാഗ്രഹിക്കുന്നു എന്നതിന്റെ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് മങ്കടയില്‍ അനധികൃതമായി പാറഖനനത്തിന് അനുമതി നല്‍കിയതടക്കമുള്ള വിഷയങ്ങളാണ്. നിരവധി കാലങ്ങളായി ലീഗിന്റെ ട്രാക്കിലോടുന്ന മങ്കടയെ ചുവന്ന സിഗ്നല്‍ കാട്ടി നിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. ജനങ്ങള്‍ക്ക് പച്ചയോ ചുവപ്പോ സിഗ്നല്‍ തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.