വലത്തുനിന്ന് ഇടത്തേക്കോ?

#


തന്റെ ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റിത്തരുമോ എന്ന് ദേവിയോട് വരം ചോദിച്ച നാറാണത്ത് ഭ്രാന്തന്റെ പേരില്‍ പ്രസിദ്ധമായ അമ്പലമുള്ള നാടാണ് പട്ടാമ്പി. ഇടതു മുന്നണിയെയും വലതു മുന്നണിയെയും മാറി മാറി വരിക്കുന്ന കേരളത്തിലെ വോട്ടര്‍മാര്‍ നാറണത്ത് ഭ്രാന്തനെ അനുസ്മരിപ്പിക്കാറുണ്ട്. പട്ടാമ്പി പക്ഷെ കഴിഞ്ഞ മൂന്നു തവണയായി തെരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസിലെ സി.പി.മുഹമ്മദിനെയാണ്. സി.പി.ഐ നേതാവ് കെ.ഇ,ഇസ്മായിലിനെ 2011 ലെ യു.ഡി.എഫ് തരംഗത്തില്‍ കേവലം 531 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് സി.പി.മുഹമ്മദ് ആദ്യമായി മണ്ഡലം സ്വന്തമാക്കിയത്. 2006 ല്‍ 566 വോട്ടുകള്‍ക്ക് മുഹമ്മദ് ഇസ്മായിലിനെ തോല്‍പ്പിച്ചു. 2011ല്‍ സി.പി.ഐയിലെ കെ.പി.സുരേഷ് രാജിനെ 12,475 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മുഹമ്മദ് തന്റെ വിജയം ആധികാരികമാക്കി.

ഇ.എം.എസും പ്രതിനിധീകരിച്ച മണ്ഡലം തിരിച്ചു പിടിക്കുമെന്നുള്ള വാശിയിലാണ് ഇത്തവണ ഇടതുമുന്നണി. ജെ.എന്‍.യു.വിലെ എ.ഐ.എസ്.എഫ് നേതാവ് മുഹമ്മദ് മുഹ്‌സിനാണ് ഇടതു മുന്നണിയില്‍ നിന്നുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥി. പട്ടാമ്പിയില്‍ വലിയ കുടുംബ ബന്ധങ്ങളുള്ള മുഹ്‌സിനു വേണ്ടി യുവജനങ്ങള്‍ ശക്തമായി പ്രചരണ രംഗത്തുണ്ട്. പുതിയ തലമുറയുമായി നന്നായി സംവദിക്കാന്‍ കഴിയുന്ന മുഹ്‌സിന് പുതുതലമുറ വോട്ടുകള്‍ വലിയതോതില്‍ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. സി.പി.മുഹമ്മദിനെ പോലെ പയറ്റിത്തെളിഞ്ഞ ഒരു നേതാവിനെ നേരിടാന്‍ മുഹ്‌സിന് കഴിയില്ലെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ അടുത്ത സുഹൃത്താണെന്ന ഇമേജ് ന്യൂനപക്ഷ വോട്ടുകള്‍ മുഹ്‌സിന് അനുകൂലമാക്കുന്ന ഘടകമാണെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കണക്കു കൂട്ടുന്നു. അതേസമയം അക്കാരണത്താല്‍ തന്നെ ബി.ജെ.പി വോട്ടുകള്‍ സി.പി.മുഹമ്മദിന് പോള്‍ ചെയ്യപ്പെടുമെന്ന് വിശ്വസിക്കുന്ന യു.ഡി.എഫുകാരുമുണ്ട്. ബി.ജെ.പിയുടെ അഡ്വ.പി.മനോജ് ബി.ജെ.പിക്ക് ലഭിക്കേണ്ട വോട്ടുകള്‍ പൂര്‍ണ്ണമായി സമാഹരിച്ചാല്‍ സി.പി.മുഹമ്മദിന്റെ നില പരുങ്ങലിലാകുമെന്നാണ് ഞങ്ങളുടെ നിഗമനം.