ആരവങ്ങളില്‍ ഉലയാത്ത തൃത്താല

#


ബാഹ്യമായ ആരവങ്ങളില്‍ മതി മറന്നാല്‍ തൃത്താലയിലെ അടിയൊഴുക്കുകള്‍ കാണാന്‍ കഴിയാതെ പോകും. 1991 മുതല്‍ തുടര്‍ച്ചയായി 4 തവണ സി.പി.ഐ(എം) സ്ഥാനാര്‍ത്ഥി വിജയിച്ച മണ്ഡലത്തില്‍ 2011 ല്‍ ആദ്യമത്സരത്തിനെത്തിയ വി.ടി.ബലറാം 3197 വോട്ടുകള്‍ക്കാണ് സി.പി.എമ്മിലെ പി.മമ്മിക്കുട്ടിയെ പരാജയപ്പെടുത്തിയത്.

പട്ടികജാതി സംവരണ സീറ്റായിരുന്ന തൃത്താല 2011 ലാണ് ജനറല്‍ സീറ്റായി മാറുന്നത്. കര്‍ഷകത്തൊഴിലാളികള്‍ക്ക് പ്രാമുഖ്യമുള്ള മണ്ഡലത്തില്‍ സി.പി.എമ്മിന്റെ സംഘടനാ സ്വാധീനത്തിന് ഇപ്പോഴും ഉലച്ചിലൊന്നും സംഭവിച്ചിട്ടില്ല. 2011 ല്‍ തൃത്താലയില്‍ വി.ടി.ബലറാമിന് സൃഷ്ടിക്കാന്‍ കഴിഞ്ഞ ചലനം ഇപ്പോഴും നിലനിറുത്താന്‍ കഴിയുന്നുണ്ട്. യുവസ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അന്ന് കിട്ടിയ അംഗീകാരം പുതുമ മങ്ങാതെ കാത്തുസൂക്ഷിക്കാന്‍ ബലറാമിന് കഴിഞ്ഞു. എം.എല്‍.എ എന്ന നിലയില്‍ കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ബലറാം വോട്ടര്‍മാരെ സമീപിക്കുന്നത്. എം.എല്‍.എയോട് പ്രത്യേകിച്ച് ഒരു എതിര്‍പ്പ് മണ്ഡലത്തിലെങ്ങും ഞങ്ങള്‍ കണ്ടില്ല.

പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുബൈദ ഇസ്ഹാഖാണ് സി.പി.എം സ്ഥാനാര്‍ത്ഥി. തൊട്ടടുത്തുള്ള പട്ടാമ്പി മണ്ഡലത്തില്‍ നിന്നുള്ളയാളാണ് സുബൈദ. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഒട്ടും മോശമല്ല സുബൈദ ഇസ്ഹാഖ്. പക്ഷേ, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലുണ്ടായ താമസവും സ്ഥാനാര്‍ത്ഥിയായി ആദ്യം തീരുമാനിച്ച എം.സ്വരാജ് മത്സരിക്കാന്‍ തയ്യാറാകാതെ പിന്‍വാങ്ങി എന്ന പ്രചരണവും ഇടതുമുന്നണിക്ക് പ്രതികൂല ഘടകങ്ങളായി മാറി.

ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്ന പ്രൊഫ.വി.ടി.രമ, വി.ടി.ബലറാമിന്റെ ബന്ധുവാണ്. ബലറാമും രമയും തറവാട്ടില്‍ നിന്നുള്ളവര്‍. പ്രൊഫ.വി.ടി.രമ ബലറാമിന്റെ വോട്ടുകളില്‍ വലിയ തോതില്‍ വിള്ളല്‍ വരുത്താനുള്ള സാധ്യത കുറവാണ്. രമയ്ക്ക് ബലറാമിന്റെ വോട്ടുകളിലേക്ക് വന്‍തോതില്‍ കടന്നുകയറാന്‍ സാധിച്ചാല്‍ മാത്രമേ തൃത്താലയില്‍ അത്ഭുതം സംഭവിക്കുകയുള്ളൂ.