കഥാശേഷം ആര്‍ക്കനുകൂലം

#


തിരൂര്‍ എന്ന് കേൾക്കുമ്പോൾ മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛനെയും തുഞ്ചന്റെ കിളിപ്പാട്ടുമാണ് ആരും ആദ്യം ഓർക്കുക.

തെരഞ്ഞെടുപ്പുകളില്‍ മുസ്ലീം ലീഗിനെ തുണച്ച ചരിത്രമാണ് തിരൂരിനുള്ളത്. 2006 ല്‍ സി.പി.എം സ്ഥാനാര്‍ത്ഥി പി.പി അബ്ദുള്ളക്കുട്ടി നേടിയ വിജയം മാത്രമാണ് ഈ ചരിത്രത്തിനൊരപവാദമായുള്ളത്. ആ വര്‍ഷം കേരളക്കര മുഴുവന്‍ ആഞ്ഞടിച്ച എല്‍.ഡി.എഫ് തരംഗത്തിന്റെ അലയൊലികള്‍ തിരൂര്‍ എന്ന ലീഗ് കോട്ടയിലും ആഞ്ഞടിച്ചതിന്റെ ഫലമായിരുന്നു സി.പി.എമ്മിന്റെ വിജയം. തുടര്‍ച്ചയായ നാലാം വിജയത്തിനൊരുങ്ങിയിരുന്ന മുസ്ലീം ലീഗിന്റെ ഇ.റ്റി മുഹമ്മദ് ബഷീറിനെയായിരുന്നു അബ്ദുള്ളക്കുട്ടി അന്ന് പരാജയപ്പെടുത്തിയത്.

2011 ല്‍ സി.മമ്മൂട്ടിയിലൂടെ മണ്ഡലം തിരിച്ചുപിടിച്ച ലീഗ് ഈ വര്‍ഷവും വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് .23566 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി.പി അബ്ദുള്ളക്കുട്ടിയെ മമ്മൂട്ടി അന്ന് പരാജപ്പെടുത്തിയത്. ഇതേ വിജയ പ്രതീക്ഷയോടെ തന്നെയാണ് സിറ്റിംഗ് എം.എല്‍.എ കൂടിയായ അദ്ദേഹം ഇത്തവണയും പോരാട്ടത്തിനിറങ്ങുന്നത്. വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗഫൂര്‍.പി.ലില്ലീസിനെ സ്വതന്ത്രനായി നിര്‍ത്തിയാണ് തിരൂരിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഇടതുമുന്നണി ഒരുങ്ങുന്നത്. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്തെച്ചൊല്ലി മണ്ഡലത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടായിരുന്നുവെങ്കിലും കമ്മ്യൂണിസ്റ്റുകാരുടെ ചിഹ്നത്തിൽ വോട്ട് ചെയ്യാൻ മടിയുള്ളവരെ ലക്ഷ്യമിട്ട് ഗഫൂര്‍.പി.ലില്ലീസിനെ തന്നെ പാര്‍ട്ടി പിന്തുണയില്‍ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു. കുടിവെള്ളം, ഗതാഗതം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന ഗഫൂര്‍, മണ്ഡലത്തിലെ വോട്ടര്‍മാര്‍ തനിയ്‌ക്കൊപ്പം തന്നെ നില്‍ക്കുമെന്ന ആത്മവിശ്വാസത്തിലാണ്.

മണ്ഡലം നിലനിര്‍ത്താനായുള്ള പോരാട്ടത്തിനായി യു.ഡി.എഫും 2006 ലെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ എല്‍.ഡി.എഫും തിരൂരില്‍ അങ്കത്തിനിറങ്ങുമ്പോള്‍ ഇരുമുന്നണികള്‍ക്കും എതിരായി നില്‍ക്കുന്ന ബി..ജെ.പിയും ഇത്തവണ മണ്ഡലത്തില്‍ ശക്തമായ പ്രചരണമാണ് നടത്തുന്നത്. എം.കെ ദേവീദാസനാനാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. അട്ടിമറി സാധ്യതയില്ലാത്ത മണ്ഡലങ്ങളുടെ കൂട്ടത്തിൽ പെടും തിരൂരും എന്നാണു ഞങ്ങളുടെ വിലയിരുത്തൽ.