മാറ്റത്തിന്റെ പാലം

#


ഇരുപത്തിമൂന്നോളം ലക്ഷമിപ്പോൾ-

ച്ചെലവാക്കി നിർമ്മിച്ച പാലത്തിന്മേൽ

എന്ന് തുടങ്ങുന്ന ഇടശ്ശേരിയുടെ പ്രസിദ്ധമായ കവിതയ്ക്ക് കാരണമായ കുറ്റിപ്പുറം പാലം തവന്നൂരിലാണ്. വേറെയും പലതുണ്ട് നിളാ തീരത്തെ തവനൂരിന് പറയാന്‍. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഒരു ഗ്രാമ പഞ്ചായത്ത്. സ്ഥലനാമ പുരാണങ്ങളില്‍ താപസനൂര്‍ എന്നാണത്രെ തവനൂര്‍ അറിയപ്പെട്ടിരുന്നത്. പ്രാചീനതയിലേയ്ക്ക് വെളിച്ചം വീശുന്ന അനേകം ചരിത്രാതീതമായ വസ്തുക്കള്‍ തവനൂരിന്റെ സ്വത്താണ്. ദ്രാവിഡ സംസ്‌കൃതിയുടെ ഈറ്റില്ലമായി അറിയപ്പെട്ട തവനൂര്‍ കെ.കേളപ്പന്റെ നേതൃത്വത്തില്‍ ദേശീയ പ്രസ്താനത്തിന് അടിത്തറ പാകപ്പെട്ട ഇടം കൂടിയാണ്. കാലം കാത്തുവച്ച സ്മരണ പോലെ ഇന്ത്യയുടെ മഹാത്മാവിന്റെ ചിതാഭസ്മം തവനൂരിലെ നിളയുടെ ആഴാന്തരങ്ങളിലും നിമഞ്ജനം ചെയ്യപ്പെട്ടു. പൊന്നാനി താലൂക്കിലെ എടപ്പാള്‍, വട്ടകുളം, തവനൂര്‍ പഞ്ചായത്തുകളും, പുറത്തൂര്‍ മംഗലം, തൃപ്പങ്ങോട് പഞ്ചായത്തുകളും ചേര്‍ന്നതാണ് തവനൂര്‍ നിയോജക മണ്ഡലം.

2006 ൽ കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച് സംസ്ഥാന ശ്രദ്ധ നേടിയ കെ.ടി.ജലീലാണ് 2011ല്‍ തവനൂർ മണ്ഡലം രൂപീകരിക്കപ്പെട്ടതിനു ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ വിജ യിച്ചത്. ഇത്തവണയും ഇടതുമുന്നണിക്ക് വേണ്ടി സി.പി.എം സ്വതന്ത്രനായി മത്സരിക്കുന്നത് കെ.ടി ജലീലാണ്. യൂത്ത് ലീഗിന്റെ ഈ മുൻ നേതാവിന് മണ്ഡലത്തിൽ ഉള്ള ശക്തമായ സ്വാധീനത്തിൽ വിള്ളൽ സൃഷ്ടിക്കാൻ യു.ഡി.എഫിന് കഴിയില്ലെന്ന ഉറച്ച വിശ്വാസം ഇടതുമുന്നണിക്കുണ്ട്‌. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇഫ്തിക്കറുദ്ദീനാണ് കെ.ടി ജലീലിനെതിരെ രംഗത്തുള്ളത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജലീൽ. ബി.ജെ.പി ഉയര്ത്തുന്ന ഭീഷണിയെ നേരിടാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്ന തന്റെ വാദം വോട്ടർമാരിൽ ശക്തമായി എത്തിക്കാൻ ജലീലിന് കഴിഞ്ഞതായാണ് ഞങ്ങൾ മനസ്സിലാക്കിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രവി തെള്ളത്തിനൊപ്പം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ചേരുമ്പോള്‍ തവനൂരിലെ രാഷ്ട്രീയ കളം സജീവമാവുകയാണ്. മാറ്റത്തിന്റെ പാലം കടന്ന് ആരെത്തുമെന്ന ചോദ്യം ബാക്കിയാക്കി.