ഉലയാത്ത വിശ്വാസം

#


മലപ്പുറം : പ്രശസ്തമായ കൊണ്ടേട്ടി പള്ളി നിലകൊള്ളുന്ന പ്രദേശം, തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മുസ്ലീം ലീഗിനെ മാത്രം പിന്തുണച്ചിട്ടുള്ള മണ്ഡലം, മലപ്പുറം ജില്ലയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ച മണ്ഡലം തുടങ്ങി വിശേഷണങ്ങള്‍ ഏറെയാണ് മലപ്പുറം മണ്ഡലത്തിന്.

യു.ഡി.എഫിന് വേണ്ടി മുസ്ലീം ലീഗിന്റെ പി.ഉബെദുല്ലയാണ് മണ്ഡലത്തില്‍ ഇത്തവണ രണ്ടാം അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ 44508 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജില്ലയുടെ ചരിത്രത്തിലെ മികച്ച വിജയമാണ് ഉബൈദുള്ള നേടിയത്. ജനതാദള്‍(എസ്) അംഗം മഠത്തില്‍ സാദിഖലി ആയിരുന്നു അന്ന് എതിര്‍ സ്ഥാനാര്‍ത്ഥി.

ലീഗിന്റെ ഉറച്ച മണ്ഡലമായ മലപ്പുറത്ത് സി.പി.എം ഇത്തവണ ഒരു ഭാഗ്യപരീക്ഷണത്തിനായാണ് ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ പക്ഷം മാത്രം നിന്ന മണ്ഡലത്തെ ഘടകകക്ഷികള്‍ക്കായി വിട്ടു കൊടുത്തിരുന്ന സി.പി.എം ഇത്തവണ സ്ഥാനാർത്‌ഥിത്വം തിരിച്ചു പിടിച്ചിരിക്കുകയാണ്. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റെുമായ പി.സുമതിയെയാണ് പാര്‍ട്ടി ഇത്തവണ മത്സരത്തിനിറക്കുന്നത്. ജില്ലയിലെ പാര്‍ട്ടിയുടെ ഏകവനിതാ സ്ഥാനാര്‍ത്ഥി കൂടിയാണ് സുമതി.

മലപ്പുറം മുന്‍സിപ്പാലിറ്റിയും, കോഡൂര്‍, ആനക്കയം, പൂക്കോട്ടൂര്‍, മൊറയൂര്‍, പുല്‍പ്പറ്റ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മലപ്പുറം മണ്ഡലം. ലീഗ് ഭരണത്തിലിരിക്കുന്ന ഈ സ്ഥലങ്ങളില്‍ ഭരണകാര്യങ്ങളില്‍ ലീഗും കോണ്‍ഗ്രസ്സും തമ്മില്‍ ഭിന്നത രൂക്ഷമാണ്. ഈ സാഹചര്യം മുതലെടുക്കാമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം ഏതാണ്ട് ഉപേക്ഷിച്ച സീറ്റിൽ ഇപ്പോള്‍ മത്സരിക്കുന്നത്.ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ എല്‍.ഡി.എഫിന് വോട്ടായി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഇടതു പാളയം.

ലീഗ് സ്ഥാനാര്‍ത്ഥികളെ മാത്രം ജയിപ്പിച്ച ചരിത്രമുള്ള മലപ്പുറത്ത് ഇത്തവണ സി.പി.എമ്മും പ്രതീക്ഷകളോടെ അങ്കത്തിനിറങ്ങുമ്പോള്‍ തങ്ങള്‍ കുടുംബത്തിന്‍ നിന്നുള്ള ബാദുഷാ തങ്ങളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാണ് ബി.ജെ.പി ഇരുമുന്നണികളെയും നേരിടുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയ എസ്.ഡി.പി.ഐയും ഇത്തവണ പോരാട്ട ചൂടില്‍ തന്നെയാണ്. ജലീല്‍ നീലാമ്പ്രയാണ് ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥി. ലീഗിന്റെ ഉറച്ച കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി ചരിത്രം സൃഷ്ട്ടിക്കാന്‍ ഇടതുമുന്നണിയ്ക്കാവുമോ അതോ തോല്‍ക്കില്ലെന്ന ഉലയാത്ത വിശ്വാസവുമായി അങ്കത്തിനിറങ്ങുന്ന മുസ്ലീം ലീഗ് വിജയം ആവര്‍ത്തിക്കുമോ എന്ന് വഴിയെ അറിയാം.