അലയൊടുങ്ങാത്ത താനൂര്‍

#


താനൂര്‍ : കേരളത്തില്‍ ഒരേ പാര്‍ട്ടിയെ മാത്രം വിജയിപ്പിച്ച ചരിത്രമുള്ള താനൂരിന്റെ സ്പന്ദനമറിയാന്‍ ഞങ്ങളാദ്യമെത്തിയത് നിറ മരുത്തൂരിലെ തീരപ്രദേശത്താണ്.

സി.എച്ച്.മുഹമ്മദ് കോയ, സീതി ഹാജി, ഇ.അഹമ്മദ് തുടങ്ങിയ ലീഗ് നേതാക്കള്‍ക്ക് വിജയം സമ്മാനിച്ച മണ്ഡലം. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായി വന്ന ആരോപണങ്ങളെ അതിജീവിച്ച് കയറാന്‍ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുത്ത സുരക്ഷിത മണ്ഡലം. (ലീഗിന്റെ ആഭ്യന്തര തര്‍ക്കങ്ങളെത്തുടര്‍ന്ന് 2006 ല്‍ കുറ്റിപ്പുറത്ത് തന്നെ കുഞ്ഞാലിക്കുട്ടിക്ക് മത്സരിക്കേണ്ടി വന്നു. 8000 ത്തില്‍ പരം വോട്ടുകള്‍ക്ക് ലീഗ് വിമതനായി നിന്ന കെ.പി.ജലീലിനോട് പരാജയപ്പെട്ടിരുന്നു.) ലീഗ് വലിയ പ്രതിസന്ധി നേരിടേണ്ടി വന്ന 2006 ലും ലീഗിനെ വിജയിപ്പിച്ച മണ്ഡലത്തില്‍ ഹാട്രിക്ക് വിജയത്തിനൊരുങ്ങുന്ന അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണിയാണ് ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥി. മുന്‍ കോണ്‍ഗ്രസ്സ് നേതാവും തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനും 2014 ല്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയുമായിരുന്ന വി.അബ്ദുറഹ്മാനാണ് താനൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. പത്ത് വര്‍ഷമായി മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരിലാണ് രണ്ടത്താണി വോട്ട് തേടുന്നതെങ്കില്‍ മണ്ഡലം നിറഞ്ഞ് നില്‍ക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെയും തീരദേശത്തിന്റെ സമഗ്ര വികസന പദ്ധതികളുടെയും പിന്‍ബലമാണ് വി.അബ്ദുറഹ്മാന്റേത്. മണ്ഡലത്തിലെ സജീവസാന്നിധ്യമായ വി.അബ്ദുറഹ്മാന്‍ താനൂരുകാരുടെ സ്വന്തം മാമന്‍ എന്നാണറിയപ്പെടുന്നത് പ്രചരണ പരിപാടികളിലെ വലിയ ജനപങ്കാളിത്തം വോട്ടായി മാറിയാല്‍ താനൂര്‍ അട്ടിമറിയ്ക്ക് സാധ്യത നല്‍കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ 140 സ്‌കെച്ചസിനോട് സംസാരിച്ച അബ്ദുറഹ്മാന്‍ ലീഗിന്റെ ഏകാധിപത്യത്തിന് ലഭിക്കുന്ന മറുപടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് സൂചിപ്പിച്ചു. കഴിഞ്ഞ പാര്‍ലമെന്റെ് തെരഞ്ഞെടുപ്പില്‍ താനൂര്‍ ഉള്‍പ്പെടുന്ന പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം പിടിച്ചു നിര്‍ത്താന്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച വി.അബ്ദുറഹ്മാനായതും ഇടതു ക്യാമ്പിന്റെ ആത്മവിശ്വാസം കൂട്ടുന്നു. ലീഗാകട്ടെ ചരിത്രത്തിന്റെ കണക്ക് കൂട്ടലുകളുടെ ആത്മവിശ്വാസത്തിലാണ്. തീരദേശ മണ്ഡലമായ താനൂരില്‍ തിരയും തീരവും വി.അബ്ദുറഹ്മാനൊപ്പമായാല്‍ കേരളം മൂക്കത്ത് വിരല്‍ വയ്ക്കുന്ന അട്ടിമറി ഉറപ്പ്.