ചപ്പല്‍ രാഷ്ട്രീയം

#


ഡൈ ചെയ്ത് കറുപ്പിച്ച മുടി. ആകര്‍ഷകമായി ഒരുങ്ങിയ ഒരു ചുളിവു പോലുമില്ലാത്ത സുന്ദരമുഖം. രമേശ് ചെന്നിത്തലയ്ക്ക് 60 കഴിഞ്ഞുവെന്ന് ആരും പറയില്ല. എതിര്‍ സ്ഥാനാര്‍ത്ഥി പി.പ്രസാദിന് ചെന്നിത്തലയെക്കാള്‍ 15 വയസ്സെങ്കിലും കുറവ്. പകുതിയോളം നരച്ച മുടിയും താടിയും. അണിഞ്ഞൊരുങ്ങാത്ത മുഖം. ഈ വ്യത്യാസം മിക്കവാറും എല്ലാ കാര്യങ്ങളിലും ഹരിപ്പാട്ടെ രണ്ട് സ്ഥാനാര്‍ത്ഥികളും തമ്മിലുണ്ട്. ബൈക്കിന്റെ പുറകില്‍ വന്നിറങ്ങുന്ന, റബ്ബര്‍ ചെരിപ്പ് ധരിച്ച പ്രസാദ്, രമേശ് ചെന്നിത്തലയുടെ ലക്ഷണമൊത്ത രാഷ്ട്രീയ വിപരീതം പോലെ ഹരിപ്പാട് മണ്ഡലത്തില്‍ അതിവേഗം തരംഗങ്ങളുയര്‍ത്തി.

കഴിഞ്ഞ 5 വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് രമേശ് ചെന്നിത്തല വോട്ട് ചോദിക്കുന്നത്. മണ്ഡലത്തില്‍ ചെലവാക്കിയ പണം, ചെയ്ത കാര്യങ്ങള്‍ എന്നിവയ്ക്കാണ് രാഷ്ട്രീയത്തെക്കാള്‍ ചെന്നിത്തലയുടെ പ്രചരണത്തില്‍ മുന്‍തൂക്കം. ഈ വികസനം സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കിയിട്ടില്ലെന്ന്, രൂക്ഷമായ കുടിവെള്ളക്ഷാമം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുയര്‍ത്തി പ്രസാദ് മറുപടി പറയുന്നു. വികസനത്തെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ ഒരു സംവാദമാക്കി തെരഞ്ഞെടുപ്പ് പ്രചരണത്തെ മാറ്റാനാണ് പ്രസാദ് ശ്രമിച്ചത്. ഒരുപക്ഷേ, ആ രീതിയില്‍ കേരളത്തിലെ ഏറ്റവും നിലവാരമുള്ള രാഷ്ട്രീയ സംവാദങ്ങളുണ്ടായ, രാഷ്ട്രീയ പോരാട്ടമായി മാറിയ തെരഞ്ഞെടുപ്പ് പ്രചരണം ഹരിപ്പാട്ടായിരിക്കും നടന്നത്. മുന്‍ കെ.പി.സി.സി പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമായ ഒരാള്‍ മത്സരിക്കുന്നു എന്ന പ്രാധാന്യം യു.ഡി.എഫ് ഹരിപ്പാടിന് നല്‍കിയപ്പോള്‍ മേധാ പട്ക്കറടക്കം രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി-സ്ത്രീ-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒറ്റയ്ക്കും സംഘമായും പ്രസാദിനുവേണ്ടി പ്രവര്‍ത്തിക്കാനെത്തി. പ്രകൃതിക്കൊരു കൂട്ട് പ്രസാദിനൊരു വോട്ട് എന്ന മുദ്രാവാക്യം വലിയ തോതില്‍ ചര്‍ച്ചാവിഷയമാക്കാന്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. പ്രസാദ് പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത പരിസ്ഥിതി സമരങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ വീടുവീടാന്തരം കയറി പ്രചരണം നടത്തി.

രമേശ് ചെന്നിത്തലയും പ്രസാദും തമ്മിലുള്ള വ്യക്തിപരമായ താരതമ്യം രണ്ട് രാഷ്ട്രീയ സംസ്‌കാരങ്ങള്‍ തമ്മിലുള്ള താരതമ്യമാക്കി അവതരിപ്പിക്കാന്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. രണ്ട് മുറികള്‍ മാത്രമുള്ള ഒരു ചെറിയ വീട്ടില്‍ കഴിയുന്ന, സ്വന്തമായി ഒരു സമ്പാദ്യവുമില്ലാത്ത പ്രസാദിനെയും രമേശ് ചെന്നിത്തലയെപ്പോലെ ഒരു സ്ഥാനാര്‍ത്ഥിയെയും തമ്മില്‍ ജനങ്ങള്‍ താരതമ്യം ചെയ്യട്ടെ എന്നും അത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നുമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പറയുന്നത്.

എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥി അശ്വിനി ദേവ് മത്സരരംഗത്തുണ്ടെങ്കിലും കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല. ബി.ജെ.പി രമേശ് ചെന്നിത്തലയ്ക്ക് വോട്ട് മറിച്ച് നല്‍കുമെന്നും അങ്ങനെ സംഭവിക്കാതെ ബി.ജെ.പിയുടെ വോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചാല്‍ രമേശ് ചെന്നിത്തല പരാജയപ്പെടുമെന്നുമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പറയുന്നത്.

മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാത്രം രമേശ് ചെന്നിത്തല വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ജാതി-മത സമവാക്യങ്ങളെക്കുറിച്ച് സംസാരിക്കാനേ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രസാദ് തയ്യാറല്ല. വ്യക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്നും തങ്ങളുടെ രാഷ്ട്രീയം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം ജനങ്ങളും തനിക്ക് വോട്ട്‌ചെയ്യുമെന്നുമുള്ള തികഞ്ഞ ആത്മവിശ്വാസമാണ് പ്രസാദ് പ്രകടിപ്പിച്ചത്.

വന്‍തോതില്‍ ബി.ജെ.പി വോട്ടുകള്‍ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചില്ലെങ്കില്‍ ഹരിപ്പാട്ടെ ചിത്രം മാറുമെന്നാണ് മണ്ഡലത്തില്‍ നടത്തിയ യാത്രയില്‍ നിന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.