കാടിന്റെ ചൂര്

#


ബത്തേരിയിലെ ഉള്‍പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കാട്ടാനക്കൂട്ടം 140 സ്‌കെച്ചസിന്റെ വഴി മുടക്കിക്കൊണ്ട് റോഡിലേക്കിറങ്ങി വന്നു. യാത്ര തുടരാന്‍ താമസമുണ്ടായെങ്കിലും വരയ്ക്കാന്‍ ഒന്നാന്തരമൊരു ദൃശ്യം കണ്‍മുമ്പില്‍ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. ആനക്കൂട്ടം പതിയെ വഴി മാറിയതോടെ ഞങ്ങളും ബത്തേരിയിലെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയായി.

സുല്‍ത്താന്റെ ആയുധപ്പുരയായിരുന്ന സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പു ചൂടിലാണ്. വയനാടിന്റെ തെക്കു-കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ചെറു പട്ടണം പ്രമുഖ വ്യാപാര കേന്ദ്രവുമാണ്. കുടിയേറ്റക്കാരുടെ സാമ്രാജ്യമെന്ന് തന്നെ ബത്തേരിയെ വിശേഷിപ്പിക്കാം. ഒരു മതവിഭാഗങ്ങള്‍ക്കും ഭൂരിപക്ഷമില്ലാത്ത ഇടം. എല്ലാ വിഭാഗങ്ങളും അതിലേറെ ആദിവാസികളും ഇവിടെയുണ്ട്. പണിയ, കാട്ടുനായ്ക്ക, ഊരാളി എന്നീ വിഭാഗങ്ങളിലെ ആദിവാസികളെല്ലാം സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തിലുള്ളതിനാൽ മണ്ഡലം ആദിവാസികള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഹെന്നരു ബീഡിക എന്ന് ബത്തേരിയിലെ ആദ്യ കുടിയേറ്റക്കാരായ ജൈന വിഭാഗക്കാര്‍ നല്‍കിയ പേരിലാണ് ബത്തേരിയുടെ ചരിത്രം ആരംഭിക്കുന്നത്. ബത്തേരിയുടെ രാഷ്ട്രീയ ചായ്‌വ് വലത്തോട്ടാണെങ്കിലും സുല്‍ത്താന്റെ കോട്ടയില്‍ ചെങ്കൊടി പാറിക്കാമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ഇടതു പക്ഷത്തിനൊപ്പം നിന്ന ചരിത്രവും ബത്തേരിക്കുണ്ട്. കെ.സി.ബാലകൃഷ്ണന്‍ യു.ഡി.എഫിനു വേണ്ടി പോരിനിറങ്ങുമ്പോള്‍ രുഗ്മിണി സുബ്രഹ്മണ്യനാണ് ഇടതു കോട്ട കാക്കാനൊരുങ്ങുന്നത്. ആദിവാസി സമരങ്ങളിലൂടെ ശ്രദ്ധേയയായ സി.കെ.ജാനു ബി.ജെ.പി മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു എന്നതാണ് ഇത്തവണ ബത്തേരിക്ക് തെരഞ്ഞെടുപ്പിന്റെ ഹോട്ട് സോണില്‍ ഇടം നേടിക്കൊടുത്തത്. രാഷ്ട്രീയ കേരളത്തിന്റെ മുഴുവന്‍ നോട്ടവും ബത്തേരി കയ്യടക്കി. ആവേശ തീപാറുന്ന പോരാട്ടത്തിന് തന്നെ ഇത്തവണ ബത്തേരിയില്‍ കളമൊരുങ്ങുമെന്ന് കരുതാം. പട്ടിക വര്‍ഗ സംവരണ മണ്ഡലമായ ബത്തേരിയില്‍ ചുരം കയറി കോട്ട തകര്‍ത്ത് വയനാടന്‍ കോടയെ വകഞ്ഞു മാറ്റി വിജയക്കൊടി പാറിച്ച് ചുരം ഇറങ്ങുന്നതാരാണെന്ന കാത്തിരിപ്പ് ബത്തേരിയിലെ ഊരുകളിലെങ്ങും ചര്‍ച്ചയാകുന്നു. അന്തിമ വിജയം ആര്‍ക്കെന്ന് കാത്തിരുന്നു കാണാം.