കാത്തിരുന്ന മണി വരില്ല

#


വണ്ടൂര്‍ : അടുത്തിടെ മരണമടഞ്ഞ പ്രശസ്ത നടൻ കലാഭവൻ മണിയെ വണ്ടൂരിൽ സി.പി.എം മത്സരിപ്പിക്കുമെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. മണ്ഡലത്തില്‍ പാര്‍ട്ടിയുടെ പരിപാടികളിലെല്ലാം മണി സ്ഥിരസാന്നിധ്യമായതും വാര്‍ത്തയുടെ വിശ്യാസ്യത വര്‍ദ്ധിപ്പിച്ചു. മറ്റൊരു സ്ഥാനാർത്ഥിയെക്കുറിച്ച് സി.പി.എം ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. മണിയുടെ അകാല മരണത്തോടെ ആ പ്രതീക്ഷകൾ അസ്തമിച്ചു.

ടിപ്പുവിന്റെ പടയോട്ടങ്ങള്‍ക്കും മലപ്പുറം കലാപത്തിനും സാക്ഷിയായ മണ്ണാണ് വണ്ടൂരിലേത്. യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായി വിശേഷിപ്പിക്കപ്പെടുന്ന ഈ മണ്ഡലം 1977 ലാണ് സ്വതന്ത്ര മണ്ഡലമാകുന്നത്. അതിനു മുന്‍പ് വരെ മഞ്ചരിയുടെ ഭാഗമായിരുന്നു വണ്ടൂര്‍. സംവരണ മണ്ഡലമായ വണ്ടൂര്‍ സ്വതന്ത്ര മണ്ഡലമായത് മുതല്‍ തന്നെ യു.ഡി.എഫിനെയായിരുന്നു പിന്തുണച്ചത്. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ആകെ ഒരു തവണ മാത്രമാണ് വണ്ടൂര്‍ ഇടതിനെ തുണച്ചത്.

2001 മുതല്‍ മണ്ഡലത്തില്‍ വിജയയാത്ര ആരംഭിച്ച മന്ത്രി കൂടിയായ കോണ്‍ഗ്രസ്സിന്റെ എ.പി അനില്‍കുമാര്‍ തന്നെയാണ് ഇത്തവണ നാലാം വിജയത്തിനൊരുങ്ങി പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ 77580 വോട്ടുകള്‍ നേടിയ അനില്‍കുമാര്‍ 12267 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിര്‍സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫിന്റെ വി.രമേശനെ തോല്‍പ്പിച്ചത്. 48661 വോട്ടുകളായിരുന്നു അന്ന് മണ്ഡലത്തില്‍ എല്‍.ഡി.എഫിന് ലഭിച്ചത്.

യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമായ വണ്ടൂരില്‍ തികഞ്ഞ വിജയപ്രതീക്ഷയില്‍ തന്നെയാണ് പാര്‍ട്ടി. മന്ത്രി കൂടിയായ അനില്‍കുമാര്‍ നടപ്പിലാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് യു.ഡി.എഫിന്റെ പ്രചരണായുധം. സി.പി.എം സ്ഥാനാര്‍ത്ഥി കെ.നിശാന്താണ്. നിശാന്ത് കന്നിയങ്കത്തിനിറങ്ങുന്നത് വിജയ പ്രതീക്ഷയില്‍ തന്നെയാണ്. കോണ്‍ഗ്രസ്സ്-ലീഗ് ഭിന്നതയാണ് ഇവിടെയും ഇടതു മുന്നണിയുടെ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. പ്രാദേശിക ഭരണമേഖലകളില്‍ കോണ്‍ഗ്രസ്സും ലീഗും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തികച്ചും പ്രകടമാണ്. ഐക്യ ജനാധിപത്യ മുന്നണിക്കുള്ളില്‍ തന്നെയുള്ള ഈ ഭിന്നതകളും ചേരിപ്പോരുമാണ് കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ എല്‍.ഡി.എഫിന് തുണയായത്.

കോണ്‍ഗ്രസ്സിനോടുള്ള ലീഗിന്റെ അതൃപ്തിയും ഭരണവിരുദ്ധവികാരവുമെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെട്ടു എന്നാണ് യു.ഡി.എഫ് അവകാശപ്പെട്ടത്. പക്ഷെ വയനാട് ലോകസഭാ മണ്ഡലത്തിൽ പെട്ട വണ്ടൂരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.ഐ ഷാനവാസിന് ഭൂരിപക്ഷം കുറഞ്ഞത് പാര്‍ട്ടികള്‍ തമ്മിലുള്ള വിഭാഗീയത നിലനില്‍ക്കുന്നു എന്നതിന്റെ സൂചനയായാണ് ഇടതു മുന്നണി കണക്കു കൂട്ടുന്നത്. ഈ അവസരം പരമാവധി മുതലെടുക്കാനാണ് എല്‍.ഡി.എഫിന്റെ ശ്രമം.

ഇരുമുന്നണികള്‍ക്കൊപ്പം ബി.ജെ.പിയുംനല്ല തയ്യാറെടുപ്പോടെയാണ് മത്സരത്തിനിറങ്ങുന്നത്. സുനിതാ മോഹന്‍ദാസാണ് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.