അക്കരെ അക്കരെ

#


ബേപ്പൂര്‍ : ഖലാസികളുടെയും ഉരുക്കളുടെയും ചരിത്രമുറങ്ങുന്ന മണ്ണാണ് ബേപ്പൂര്‍.

തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഉരുക്കിന്റെ കരുത്തുള്ള ഈ തുറമുഖ നഗരം ഇടതിനൊപ്പമായിരുന്നു എന്നു കാണാം. പേരിന് ഒന്നോ രണ്ടോ വിജയങ്ങള്‍ ഒഴിച്ചാല്‍ പ്രദേശത്ത് യു.ഡി.എഫിന് പറയത്തക്ക സ്വാധീനമൊന്നുമില്ല. കോഴിക്കോട് കോര്‍പ്പറേഷന്റെ ഭാഗമായ ബേപ്പൂര്‍, ചെറുവണ്ണൂര്‍, നല്ലളം, മുന്‍സിപ്പാലിറ്റികളായ ഫറോക്ക്, രാമനാട്ടുകാര, കടലുണ്ടി എന്നിവ ഉള്‍പ്പെടുന്നതാണ് ബേപ്പൂര്‍ മണ്ഡലം.

ഇടതിന്റെ ഉറച്ച കോട്ടയായ മണ്ഡലത്തില്‍ ഇത്തവണ വിജയത്തുടര്‍ച്ചയ്ക്കായി സി.പി.എം പുറത്തിറക്കുന്നത് വ്യവസായ പ്രമുഖനും കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറുമായ വി.കെ.സി മമ്മദ് കോയയെയാണ്. മണ്ഡലത്തില്‍ കോയയ്ക്കുള്ള വ്യക്തിപ്രഭാവം കണക്കിലെടുത്താണ് പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തങ്ങളുടെ പഴയ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ സി.പി.എം തീരുമാനിച്ചത്. 2001 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി മണ്ഡലത്തില്‍ വിജയം നേടിയ അനുഭവസമ്പത്തും മേയര്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് കോയയ്ക്ക് അനുകൂലമാകുന്ന ഘടകങ്ങള്‍. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എളമരം കരീമായിരുന്നു മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി. 2006 ല്‍ 15000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ച കരീമിന്റെ ഭൂരിപക്ഷം 2011 ല്‍ എത്തിയപ്പോഴേയ്ക്കും 5000 ആയി കുറഞ്ഞതാണ് മണ്ഡലത്തില്‍ വ്യക്തിബന്ധങ്ങളുളള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് മുന്‍സ്ഥാനാര്‍ത്ഥിയ്ക്ക് തന്നെ നറുക്ക് വീണത്.

ഇടത് വേരോട്ടം ശക്തമായ ബേപ്പൂരില്‍ ഇത്തവണയും യു.ഡി.എഫ് രംഗത്തിറക്കുന്നത് യൂത്ത്‌കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുല്‍സിയെയാണ്. 5316 വോട്ടുകള്‍ക്ക് 2011 ലെ തെരഞ്ഞെടുപ്പില്‍ എളമരം കരീമിനോട് ഈ യുവനേതാവ് പരാജയപ്പെട്ടിരുന്നു . കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിജയപ്രതീക്ഷയില്‍ തന്നെയാണ് മുല്‍സി പോരാട്ടത്തിനിറങ്ങുന്നത്.

വിജയം ഉറപ്പാക്കിത്തന്നെയാണ് മേഖലയില്‍ ഇടതുമുന്നണിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍. യു.ഡി.എഫിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഡി.സി.സി പ്രസിഡന്റെ് കെ.സി അബു വര്‍ഗ്ഗീയ പരാമര്‍ശങ്ങളുയര്‍ത്തി പ്രസംഗം നടത്തിയതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമമ്മീഷന്റെ പരസ്യ ശാസന നേരിട്ടിരുന്നു. ഇതാണ് മണ്ഡലത്തില്‍ യു.ഡി.എഫിനെതിരായി സി.പി.എമ്മിന്റെ മുഖ്യ പ്രചരണായുധം.

ഇടത് മുന്നണി തുടര്‍ച്ചയായ എട്ടാം വിജയം തേടി മണ്ഡലത്തില്‍ പ്രചരണം ശക്തമാക്കുമ്പോഴും യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തീവ്രത പോരെന്നാണ് മണ്ഡലത്തില്‍ ഞങ്ങൾ നടത്തിയ സഞ്ചാരത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. പൊതുവെ യു.ഡി.എഫിന് സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ ജനങ്ങള്‍ ഇടതിനൊപ്പം തന്നെ നില്‍ക്കും എന്ന ചിന്തയാകാം ഇത്തരമൊരു തണുത്ത സമീപനത്തിന് കാരണമെന്നാണ് ഞങ്ങളുടെ നിഗമനം.

ഇരുമുന്നണികള്‍ക്കും കടുത്ത മത്സരം തന്നെ നല്‍കാനായി ബി.ജെ.പി യും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റെ് കെ.പി.പ്രകാശ് ബാബുവാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.

കരകള്‍ കടന്ന് പ്രശസ്തി നേടിയ ബേപ്പൂര്‍ ഉരുക്കളുടെ കരുത്തോടെ അനുഭവസമ്പത്തിന്റെ ആഴത്തില്‍ നില്‍ക്കുന്ന ഇടതിനൊപ്പമോ? അതോ യുവത്വത്തിന്റെ ആവേശമായി അങ്കത്തിനിറങ്ങുന്ന കോണ്‍ഗ്രസ്സിനൊപ്പമോ ?അതോ താമര വിരിയിക്കാം എന്ന പ്രതീക്ഷയിലിറങ്ങുന്ന ബി.ജെ.പിയ്‌ക്കൊപ്പമോ? ഖലാസികളുടെ നാട് ആര്‍ക്കൊപ്പമാകും എന്നറിയാന്‍ ഞങ്ങളും കാത്തിരിക്കുകയാണ്.