സുധാകരന്‍ കോട്ട പിടിക്കുമോ?

#


ഉദുമ : പോരാട്ടങ്ങളുടെയും ചെറുത്ത് നില്‍പ്പുകളുടെയും ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ട. കേരളത്തിലെ പുരാതനവും വലിപ്പത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതുമായ ഈ കോട്ട ഉള്‍പ്പെടുന്ന മണ്ഡലമാണ് ഉദുമ. ഇത്തവണ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടത്താനായി കളമൊരുക്കി കാത്തിരിക്കുകയാണ് മുന്നണികള്‍. സ്വന്തം മണ്ഡലമായ കണ്ണൂര്‍ ഉപേക്ഷിച്ച് കെ.സുധാകരന്‍ എന്ന യു.ഡി.എഫ് യു.ഡി.എഫ് പോരാളി ഉദുമയിലെത്തിയതാണ് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇങ്ങോട്ട് തിരിയാൻ കാരണമായത്.

തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങളുടെ കണക്കെടുത്താല്‍ ഉദുമ ഇടതുമണ്ഡലം തന്നെയാണെന്ന് നിസ്സംശയം പറയാം. 1977 ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ 1991 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് മാത്രമാണ് വിജയക്കൊടി പാറിച്ചിട്ടുളളത്. അതുകൊണ്ട് തന്നെ മണ്ഡലം യു.ഡി.എഫ് ഏതാണ്ട് ഉപേക്ഷിച്ച മട്ടായിരുന്നു. എന്നാല്‍ അവഗണിക്കപ്പെട്ട് കിടന്ന മണ്ഡലത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ സ്വയം രക്ഷകവേഷം ഏറ്റെടുത്താണ് സുധാകരന്‍ എത്തിയിരിക്കുന്നത്. സി.പി.എമ്മിന്റെ ഉരുക്ക് കോട്ടയായ കണ്ണൂരില്‍ യു.ഡി.എഫിന് വേണ്ടി പോരാട്ടം നയിച്ച ചരിത്രമുള്ള സുധാകരന്‍ ഉദുമയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിനേട് അതൃപ്തി ഉള്ള ലീഗിന് സുധാകരനോടുള്ള അടുപ്പം മണ്ഡലത്തില്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് കണക്കു കൂട്ടല്‍. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്താനായതും പാര്‍ട്ടിയ്ക്ക് ഇത്തവണ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഈ ഒറ്റ പ്രതീക്ഷയിലാണ് കണ്ണൂര്‍ ജില്ല വിട്ട് കാസര്‍കോട്ടക്ക്‌ സുധാകരന്‍ ചേക്കേറിയത്. തന്റെ വാക് ചാതുര്യവും പ്രവൃത്തികളും കൊണ്ട് വോട്ടര്‍മാരെ കൈയ്യിലെടുക്കാമെന്ന ധൈര്യവും അദ്ദേഹത്തിന് ശക്തി പകരുന്നുണ്ട്.

ഉദുമയിലെ വിജയ ചരിത്രം അരക്കിട്ടുറപ്പിക്കാനായി ഇടതു പാളയത്തില്‍ നിന്ന് ഇത്തവണയും അങ്കത്തിനിറങ്ങുന്നത് സി.പി.എമ്മിന്റെ കെ.കുഞ്ഞിരാമനാണ്. 2011 ല്‍ ലഭിച്ച 11380 വോട്ടുകളുടെ ഭൂരിപക്ഷം നല്‍കിയ ആവേശവും മണ്ഡലത്തില്‍ മുന്നണിയ്ക്കുള്ള സ്വാധീനവുമാണ് കുഞ്ഞിരാമന്റെ മുതല്‍ക്കൂട്ടുകള്‍. കര്‍ഷകനായ കുഞ്ഞിരാമന്‍ തെരഞ്ഞെടുപ്പ് പാടത്ത് തന്റെ രണ്ടാം വിജയം കൊയ്യാനെത്തുന്നത് തികഞ്ഞ ആത്മവിശ്വസത്തില്‍ തന്നെയാണ്. യു.ഡി.എഫിന്റെ കരുത്തനായ പടനായകനാണ് തന്റെ മുഖ്യ എതിരാളിയെന്നതൊന്നും ഇദ്ദേഹത്തെ ബാധിക്കുന്നതേയില്ല. മണ്ണിന്റെ മണമുള്ള കര്‍ഷകന് ജനങ്ങള്‍ക്കിടയിലുള്ള സമ്മതിയും മണ്ഡലവികസനങ്ങള്‍ക്കായി എം.എല്‍.എ എന്ന നിലയില്‍ നടപ്പിലാക്കിയ വികസനങ്ങളും തനിക്ക് വോട്ടുകളായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതിന്റെ സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ നിന്ന് ലഭിച്ച ഇരുപതിനായിരത്തിലധികം വോട്ടുകള്‍ ഇവിടെ ശക്തമായ മത്സരത്തിനിറങ്ങാന്‍ ബി.ജെ.പിയ്ക്കും ധൈര്യം പകരുന്നുണ്ട്. ബി.ജെ.പി ജില്ലാ പ്രസിഡന്റെും ജില്ലാ പഞ്ചായത്തംഗവുമായ കെ.ശ്രീകാന്തിനെയാണ് എന്‍.ഡി.എയ്ക്ക് വേണ്ടി രംഗത്തിറക്കിയിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിന് തന്നെ ഉദുമ വേദിയാകുമെന്നാണ് കരുതപ്പെടുന്നത്.

വിചിത്രമായ ചരിത്രമാണ് ഉദുമയിലെ തെരഞ്ഞെടുപ്പ് മത്സരങ്ങള്‍ക്ക്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതിനൊപ്പം നില്‍ക്കുന്ന മണ്ഡലം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തുണച്ചത് യു.ഡി.എഫിനെയാണ്. പക്ഷെ പിന്നീട് നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകള്‍ വീണ്ടും ഇടതിന് അനുകൂലമായി. ഇങ്ങനെ ഇടത്തോട്ടും വലത്തോട്ടും ചരിഞ്ഞ് അനിശ്ചിതാവസ്ഥയില്‍ നില്‍ക്കുന്ന മണ്ഡലം ഇരുമുന്നണികള്‍ക്കും വിജയപ്രതീക്ഷ പകരുന്നുണ്ട്.

ബേക്കല്‍ കോട്ടയുടെ കരുത്തോടെ മണ്ഡലത്തില്‍ ഉറച്ച് നില്‍ക്കുന്ന സി.പി.എം ഇത്തവണയും വിജയം ആവര്‍ത്തിക്കുമോ? അതോ വിജയസാധ്യത കൂടിയ കണ്ണൂര്‍ മണ്ഡലം ഉപേക്ഷിച്ച് ഉദുമയില്‍ എത്തിയ സുധാകകന്‍ എന്ന രാഷ്ട്രീയ ചാണക്യന്‍ തന്റെ തന്ത്രങ്ങളിലുടെ കോട്ട പിടിച്ചെടുക്കുമോ? ആവേശം നിറഞ്ഞ പോരാട്ടത്തിന്റെ ഫലമറിയാൻ ഞങ്ങളും കാത്തിരിക്കുകയാണ്.