മൈതാനം നിറയുന്ന കളി

#


വൈകുന്നേരത്താണ് 140 സ്‌കെച്ചസ് തൃശൂര്‍ റൗണ്ടിലെത്തുന്നത്. തേക്കിന്‍കാട് മൈതാനിയില്‍ പതിവുപോലെ ചെറിയ ചെറിയ കൂട്ടങ്ങള്‍. തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് ചര്‍ച്ചകളേറെയും തെരഞ്ഞെടുപ്പിനെക്കുറിച്ച് തന്നെ. മൂന്നു മുന്നണികള്‍ക്ക് വേണ്ടിയും വാദിക്കുന്നവരെയും ഞങ്ങള്‍ കണ്ടു. മൂന്നു കൂട്ടരും ഒരുപോലെ വിജയം അവകാശപ്പെടുകയും ചെയ്തു.

യു.ഡി.എഫിന്റെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന തൃശൂര്‍ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സി.പി.ഐയിലെ വി.എസ്.സുനില്‍കുമാര്‍ വന്നതോടെ മത്സരത്തിന്റെ സ്വഭാവം മാറി. പരാജയത്തിന്റെ പ്രശ്‌നമേയില്ല എന്ന രീതിയില്‍ സുനില്‍ കുമാര്‍ തുടക്കം മുതല്‍ വലിയ മുന്നേറ്റത്തിന്റെ പ്രതീതി സൃഷ്ടിച്ചത് യു.ഡി.എഫ് ക്യാമ്പുകളില്‍ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കെ.കരുണാകരന്റെ തട്ടകമായിരുന്ന തൃശൂരില്‍ കരുണാകരനോടുള്ള ആഭിമുഖ്യം മുതലെടുക്കുക എന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയാണ് പത്മജാ വേണുഗോപാലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. തേറമ്പില്‍ രാമകൃഷ്ണനെ മാറ്റിയതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തില്‍ എതിര്‍ പ്രവര്‍ത്തനം നടത്താന്‍ തേറമ്പില്‍ ശ്രമിക്കില്ല. ബി.ജെ.പിയിലെ അഡ്വ. ഗോപാലകൃഷ്ണന്‍ വലിയ തോതില്‍ വോട്ട് പിടിച്ചാല്‍ അത് യു.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍.

കോണ്‍ഗ്രസില്‍ ഇന്ന് പഴയതു പോലെ പത്മജയോട് ആര്‍ക്കും എതിര്‍പ്പില്ലെന്നതും കോണ്‍ഗ്രസിന് മണ്ഡലത്തിലുള്ള ഉറച്ച അടിത്തറയുമാണ് യു.ഡി.എഫിന്റെ വിജയ പ്രതീക്ഷയുടെ മുഖ്യ ഘടകങ്ങള്‍. നിയമസഭയിലും പുറത്തും നിറഞ്ഞു നിന്ന എം.എല്‍.എ എന്ന നിലയില്‍ സുനില്‍ കുമാറിനുള്ള സ്വാധീനം ഇടതു മുന്നണിയെ വിജയത്തിലെത്തിക്കുമെന്നാണ് ഇടതു പ്രവര്‍ത്തകരുടെ വിശ്വാസം. യു.ഡി.എഫ് സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞു കൊണ്ടാണ് സുനില്‍ കുമാര്‍ പ്രചരണം നടത്തുന്നത്. ബി.ജെ.പിക്ക് അത്ര മോശമല്ലാത്ത പ്രകടനം നടത്താന്‍ കഴിയുന്ന മണ്ഡലമാണ് തൃശൂര്‍.