ഇവിടെ രാഷ്ട്രീയം പറയണം

#


കള്ളുഷാപ്പിലെ തീരാത്ത ചര്‍ച്ചകളില്ലാതെ കുട്ടനാടന്‍ സന്ധ്യകളില്ല. ഞങ്ങള്‍ കുട്ടനാട്ടിലെത്തുമ്പോള്‍ സന്ധ്യ മയങ്ങാറായിരുന്നു. ശുദ്ധമായ അന്തിക്കള്ള് മോന്തി ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകളിലേര്‍പ്പെടുന്ന കുട്ടനാട്ടുകാര്‍ക്കിടയില്‍ അലിഞ്ഞുചേരാന്‍ ഞങ്ങള്‍ക്ക് അധികം സമയം വേണ്ടി വന്നില്ല.

കഴിഞ്ഞ 2 തവണയായി കുട്ടനാടിനെ പ്രതിനിധീകരിക്കുന്ന എന്‍.സി.പിയിലെ തോമസ് ചാണ്ടിയാണ് ഇത്തവണയും എല്‍.ഡി.എഫിനു വേണ്ടി മത്സരിക്കുന്നത്. കഴിഞ്ഞ തവണ 8000 ത്തോളം വോട്ടുകള്‍ക്കാണ് തോമസ് ചാണ്ടി യു.ഡി.എഫിലെ ഡോ.കെ.സി.ജോസഫിനെ പരാജയപ്പെടുത്തിയത്. ഇത്തവണ കേരളാ കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പിലെ അഡ്വ.ജേക്കബ് എബ്രഹാമിനെയാണ് തോമസ് ചാണ്ടിയെ നേരിടാന്‍ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്.

എന്‍.ഡി.എയില്‍ നിന്ന് മത്സരിക്കുന്ന ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി സുഭാഷ് വാസുവിന്റെ സാന്നിദ്ധ്യം 2016 ലെ തെരഞ്ഞെടുപ്പിലെ പ്രധാന ഘടകമാണ്. ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്ന എസ്.എന്‍.ഡി.പി യോഗവും വെള്ളാപ്പള്ളി നടേശനും ഏറ്റവും അധികം പ്രതീക്ഷ അര്‍പ്പിച്ചിട്ടുള്ള മണ്ഡലമാണ് കുട്ടനാട്.

കുട്ടനാട്ടില്‍ ജയിക്കുമെന്ന എന്‍.ഡി.എയുടെ പ്രചരണം യാഥാര്‍ത്ഥ്യമാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ബി.ഡി.ജെ.എസ് പിടിക്കുന്നത് കുറവായാലും കൂടുതലായാലും ഏതു മുന്നണിയുടെ വോട്ടുകളാണ് എന്നത് ഫലത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കും. ബി.ഡി.ജെ.എസ്സിന് എല്‍.ഡി.എഫ് വോട്ടുകളില്‍ കടന്നുകയറാന്‍ കഴിഞ്ഞാല്‍ തോമസ് ചാണ്ടിയുടെ നില പരുങ്ങലിലാകും.