നിശ്ചലമാകാത്ത സൂചികള്‍

#


ചിന്നക്കടയിലെ ക്ലോക്ക് ടവര്‍ എത്ര രാഷ്ട്രീയ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്! രാഷ്ട്രീയത്തിലെ പുറംകാഴ്ചകള്‍ക്കും അടിയൊഴുക്കുകള്‍ക്കുമെല്ലാം സാക്ഷിയായി ക്ലോക്ക് ടവര്‍ ഇന്നും ഉയര്‍ന്നു നില്‍ക്കുന്നു.

കൊല്ലം എല്‍.ഡി.എഫിന് എന്നും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പക്ഷേ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള പി.കെ ഗുരുദാസന് അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയും ആശയക്കുഴപ്പവും കൊല്ലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പു ഫലം പ്രവചനാതീതമാക്കി. പി.കെ.ഗുരുദാസനുള്‍പ്പെടെ വലിയ ഒരു നിര നേതാക്കളെ മാറ്റി നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത നടന്‍ മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത് സി.പി.എമ്മിലെയും ഇടതുമുന്നണിയിലെയും പ്രവര്‍ത്തകര്‍ക്ക് ഇനിയും ദഹിച്ചിട്ടില്ല.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സില്‍ നിന്ന് മത്സരിക്കുന്നത് സൂരജ് രവിയാണ്. കെ.പി.സി.സി പ്രസിഡന്റെ് വി.എം.സുധീരന്റെ മാനസപുത്രന്‍. തുടക്കത്തില്‍ ഐ ഗ്രൂപ്പിലെ പ്രാദേശിക നേതാക്കള്‍ സൂരജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്ത് വന്നെങ്കിലും പ്രചരണം സജീവമായതോടെ എതിര്‍പ്പുകള്‍ കെട്ടടങ്ങി. സുധീരന്റെ പാത പിന്തുടരുന്ന സൂരജ് പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണമൊഴുക്കുന്നില്ല എന്നതാണ് ഐ-എ ഗ്രൂപ്പ് പ്രവര്‍ത്തകരില്‍ ചിലരുടെ ഇപ്പോഴത്തെ പരാതി. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും വിവാദങ്ങള്‍ക്കിട നല്‍കിയിട്ടില്ലാത്ത സൗമ്യവ്യക്തിത്വം എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാന്‍ സൂരജിന് കഴിഞ്ഞിട്ടുണ്ട്.

എന്‍.ഡി.എയില്‍ നിന്ന് മത്സരിക്കുന്നത് ജെ.എസ്.എസ്സിലെ പ്രൊഫ.കെ.ശശികുമാറാണ്. കൊല്ലം എസ്.എന്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പലും ജില്ലയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയുമാണ് ശശികുമാര്‍. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും വോട്ടുകള്‍ കുറെയൊക്കെ നേടാന്‍ ശശികുമാറിന് കഴിഞ്ഞാലും ജെ.എസ്.എസ് സ്ഥാനാര്‍ത്ഥിയായതു കൊണ്ട് ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുകള്‍ മുഴുവന്‍ സമാഹരിക്കാന്‍ ശശികുമാറിന് കഴിയില്ല.

കൊല്ലം മണ്ഡലത്തിലെ ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് കോണ്‍ഗ്രസ്സിനുള്ളിലും സി.പി.എമ്മിനുള്ളിലുമുണ്ടാകുന്ന അടിയൊഴുക്കുകളാകും.