സംഗമ ഭൂമി

#


കന്നഡ ഭാഷ സംസാരിക്കുന്നവർക്ക് നല്ല പ്രാമുഖ്യമുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കന്നട ഭാഷ സംസാരിക്കുന്നവരെപ്പോലെ തന്നെ മലയാളികളും ബഹുമാനിക്കുന്ന രാഷ്ട്രകവി ഗോവിന്ദപ്പൈയുടെ സ്മാരകം നിലകൊള്ളുന്ന സ്ഥലം.

തലയില്‍ താമരതൈലം പൂശി അതിന്റെ ഗന്ധം കേരളത്തില്‍ പരത്താന്‍ ബി.ജെ.പി ഏറെ നാളുകളായി ശ്രമിക്കുന്ന മണ്ഡലമാണ് തുടര്‍ച്ചയായ വിജയത്തിലൂടെ യു.ഡി.എഫ് നങ്കൂരമിട്ടിരിക്കുന്ന മഞ്ചേശ്വരം. 2006 ലെ ഇടതു തരംഗത്തിലെ അട്ടിമറി വിജയത്തിലൂടെ ഇടതു മുന്നണി ഒരു കൈ നോക്കിയ മണ്ഡലം. മഞ്ചേശ്വരം ഇത്തവണ ഏത് മുന്നണിയുടെ ഭാഗമാകും?

കഴിഞ്ഞ തെരെഞെടുപ്പില്‍ 5828 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ റസാഖും ഏറെ നാളുകളായി രണ്ടാം സ്ഥാനത്തു തുടരുന്ന ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായ കെ.സുരേന്ദ്രനും അട്ടിമറി വിജയത്തിലൂടെ മണ്ഡലത്തിലെ ഇടതു മുന്നണി സാനിധ്യം അറിയിച്ച സി.എച്ച്.കുഞ്ഞമ്പുവും ചേര്‍ന്ന് മഞ്ചേശ്വരത്തെ പോര്‍ക്കളമാക്കി മാറ്റിയിരിക്കുകയാണ്. യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് കച്ചകെട്ടുമ്പോള്‍ സി.എച്ച്.കുഞ്ഞമ്പുവിലൂടെ ത്രികോണ മത്സരത്തിന് കളമൊരുക്കിയിരിക്കുകയാണ് ഇടതു മുന്നണി. ബി.ജെ.പിയുടെ മഞ്ചേശ്വരത്തെ സ്ഥിര വോട്ടുകളാണ് ഇടതു വലതു മുന്നണികളുടെ ആശങ്ക. യു.ഡി.എഫിനു വേണ്ടി എല്‍.ഡി.എഫ് വോട്ടുകള്‍ മറിക്കുന്നു എന്നത് ബി.ജെ.പിയുടെ സ്ഥിരം ആക്ഷേപമാണ്. അതേസമയം സി.എച്ച് കുഞ്ഞമ്പുവിലൂടെ 2006 ലെ ഇടതുമുന്നേറ്റം വീണ്ടും ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് യു.ഡി.എഫിന്റെ ബലം. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം യു.ഡി.എഫിന് സഹായമാകുമെന്നാണ് 140 സ്‌കെച്ചസ് കരുതുന്നത്.