ഐസക്കിന്റെ വെനീസ്

#


കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന ആലപ്പുഴയ്ക്ക് പഴയ പ്രതാപം നഷ്ടപ്പെട്ടിട്ട് കാലമേറെയായി. കേരളത്തിലെ വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്ന ആലപ്പുഴയെ പുനരുജ്ജീവിപ്പിക്കാന്‍ നടന്ന ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. മൂന്നു മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനത്തെ ഏക ജില്ലയുടെ ആസ്ഥാനം നിലകൊള്ളുന്ന മണ്ഡലമാണ് ആലപ്പുഴ. ടി.പി.തോമസ് വ്യവസായ വകുപ്പ് മന്ത്രിയായിരുന്നപ്പോഴുണ്ടായ മാറ്റങ്ങളല്ലാതെ പിന്നീട് ആലപ്പുഴയുടെ മുഖച്ഛായ മാറ്റാന്‍ കാര്യമായ നീക്കമൊന്നുമുണ്ടായില്ല.

പഴയ മാരാരിക്കുളം ഇല്ലാതായതിനു ശേഷം പുതിയ ആലപ്പുഴ മണ്ഡലം രൂപീകരിക്കപ്പെട്ട 2011 ല്‍ വിജയിച്ച ഡോ.തോമസ് ഐസക്, മണ്ഡലത്തിന്റെ വികസനത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കി. ജൈവ കൃഷിയിലും മറ്റും ഐസക് നടത്തിയ ഇടപെടലുകള്‍, ഇടതുപക്ഷ രാഷ്ട്രീയത്തെ സന്നദ്ധ സംഘടനാ പ്രവര്‍ത്തനമാക്കി മാറ്റാനുള്ള നീക്കങ്ങളാണെന്ന് ആക്ഷേപിക്കപ്പെട്ടെങ്കിലും മണ്ഡലത്തിലും പുറത്തും കാര്യമായ ശ്രദ്ധ നേടുകയുണ്ടായി. വലിയ സാമ്പത്തിക വികസനത്തിനുള്ള പദ്ധതികള്‍ തന്റെ കൈവശമുണ്ടെന്ന ധാരണ സൃഷ്ടിച്ച് ജനങ്ങളില്‍ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ ഐസക്കിനു കഴിഞ്ഞിട്ടുണ്ട്.

മണ്ഡലം പുനര്‍ വിഭജനത്തിനു ശേഷം ആലപ്പുഴ എല്‍.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്. എതിര്‍ മുന്നണിയുടെ ശക്തികേന്ദ്രങ്ങള്‍ എന്നു കരുതുന്ന ചില മണ്ഡലങ്ങള്‍ മത്സരത്തിന് തയ്യാറാകാതെ വിട്ടുകൊടുക്കുന്ന രീതി രണ്ടു മുന്നണികള്‍ക്കുമുണ്ട്. അത്തരത്തില്‍, ഒരു പോരാട്ടത്തിനു തയ്യാറാകാതെ യു.ഡി.എഫ് തുടക്കത്തിലെ പരാജയം സമ്മതിച്ച മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ. ആലപ്പുഴയ്ക്ക് അപരിചിതയായ ലാലി വിന്‍സന്റിനെ എറണാകുളത്തു നിന്ന് കൊണ്ടു വന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴേ യു.ഡി.എഫ് മണ്ഡലം ഉപേക്ഷിച്ചു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു.

ബി.ജെ.പിക്ക് ആലപ്പുഴ ജില്ലയില്‍ ഏറ്റവും വോട്ട് കുറഞ്ഞ മണ്ഡലമാണ് ആലപ്പുഴ. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3540 വോട്ടുകളും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 3827 വോട്ടുമാണ് എന്‍.ഡി.എ നേടിയത്. ഈ തെരഞ്ഞെടുപ്പില്‍ ഫലത്തെക്കുറിച്ച് സംശയമില്ലാത്ത മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ.