ആചാരങ്ങളുടെ തെരഞ്ഞെടുപ്പ്

#


ചാത്തന്നൂര്‍ : പുറ്റിങ്ങല്‍ ദുരന്തത്തിന്റെ ഹൃദയം നുറുങ്ങുന്ന ഓര്‍മ്മകള്‍ നെഞ്ചിലേറ്റിയാണ് ഇത്തിക്കരയാറിന്റെ തീരമായ ചാത്തന്നൂര്‍ മണ്ഡലം ഇത്തവണ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പൊതുവെ ഇടതുപക്ഷത്തിന് മുന്‍തുക്കമുള്ള മണ്ഡലത്തില്‍ ഇത്തവണ മത്സരത്തിനായി ഇറങ്ങുന്നത് സി.പി.ഐയുടെ ജി.എസ് ജയലാല്‍ ആണ്. സിറ്റിംഗ് എം.എല്‍.എ കൂടിയായ അദ്ദേഹം തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് പോരാട്ടത്തിനിറങ്ങുന്നത്. എം.എല്‍.എ ആയിരിക്കെ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഊന്നിപ്പറഞ്ഞ് പ്രചാരണം ശക്തമാക്കിയ എല്‍.ഡി.എഫ് , പുറ്റിങ്ങല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തെ അനാസ്ഥ ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ ഭരണവിരുദ്ധവികാരവും പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

കോണ്‍ഗ്രസ്സ് നേതാവ് ശൂരനാട് രാജശേഖരനാണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പൊതുവെ ഇടതിനെ പിന്‍തുണയ്ക്കുന്ന മണ്ഡലം ഭരണമാറ്റം ആഗ്രഹിക്കുന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. പുറ്റിങ്ങൽ ദുരന്ത സമയത്ത് സര്‍ക്കാര്‍ സമയോചിതമായ ഇടപെടലുകള്‍ നടത്തിയത് ജനങ്ങൾക്കിടയില്‍ യു.ഡി.എഫിന്റെ സമ്മതി വര്‍ദ്ധിക്കാന്‍ കാരണമായെന്നും യു.ഡി.എഫ് കരുതുന്നുണ്ട്. സത്യം മറിച്ചാണെങ്കിലും.

കാലാകാലങ്ങളില്‍ ഇടതിനെയും വലതിനെയും മാറി മാറി പിന്‍തുണച്ച ചരിത്രമുള്ള ചാത്തന്നൂരിലെ പ്രധാന വോട്ടു ബാങ്ക് മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ള നായര്‍ സമുദായമാണ്. സമുദായ വോട്ടുകള്‍ പരമാവധി സ്വന്തമാക്കാന്‍ ഇരുമുന്നണികളും പരമാവധി ശ്രമിക്കുമ്പോഴും അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും മണ്ഡലത്തില്‍ പോരാട്ടത്തിനിറങ്ങിയിട്ടുണ്ട്. ബി.ബി ഗോപകുമാര്‍ ആണ് എന്‍.ഡി.എയ്ക്ക് വേണ്ടി അങ്കത്തട്ടിലിറങ്ങുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ചാത്തന്നൂരില്‍ മുന്നേറ്റം നേടാനായത് പാര്‍ട്ടിയുടെ പ്രതീക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. പരവൂരിലെ ക്ഷേത്ര ദുരന്തം ഉണ്ടായ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ സ്ഥലത്തെത്തിയതും ദുരന്തമേഖലയില്‍ നടപ്പിലാക്കിയ രക്ഷാ പ്രവര്‍ത്തനങ്ങളും ഊന്നിപ്പറഞ്ഞാണ് ഇവരുടെ പ്രചരണം.

തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഉണ്ടായ ഒരു ദുരന്തത്തെ എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ആയുധമാക്കി പരമാവധി ഉപയോഗിച്ചിട്ടുണ്ട്. ദുരന്തത്തിനിടെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും നല്‍കിയ സഹായങ്ങളും കൊട്ടിഘോഷിച്ച് കൊണ്ട് ഭരണപാര്‍ട്ടി അടക്കമുള്ളവര്‍ വോട്ട് തേടുമ്പോഴും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളും പരിക്കേറ്റ് കഴിയുന്നവരും സാക്ഷികളായി ബാക്കിയുണ്ടെന്ന കാര്യം സൗകര്യപൂര്‍വം മറക്കുന്നു.

മണ്ഡലത്തിൽ ഒരു അട്ടിമറിക്കുള്ള സാദ്ധ്യത ഞങ്ങൾക്ക് കാണാനായില്ല. ഇടതുമുന്നണിക്ക് രാഷ്ട്രീയമായുള്ള മുൻതൂക്കവും ജയലാലിന് ജനങ്ങൾക്കിടയിൽ പൊതുവേയുള്ള സ്വീകാര്യതയും ഇടതുമുന്നണിക്ക് അനുകൂലമായ ഘടകങ്ങളാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരന് സമ്മതിദായകർക്കിടയിൽ കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല.