വെളിച്ചമെത്താത്ത തീരങ്ങള്‍

#


വൈപ്പിൻ ലൈറ്റ് ഹൌസിൽ കാണുന്നതുപോലെ പ്രകാശമാനമല്ല വൈപ്പിൻകാരുടെ ജീവിതം. കുടിവെള്ളം ഇല്ലാതെ വ്യാജമദ്യം കുടിച്ച് മരണം വരിച്ച നിര്‍ഭാഗ്യവാന്മാരുടെ വൈപ്പിന്‍. വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളി കുടിക്കാനില്ല എന്നതാണ് വൈപ്പിന്‍കരയുടെ അവസ്ഥ. പരമ്പരാഗത തൊഴിലായ മീന്‍പിടുത്തത്തിനും പഞ്ഞമുണ്ടാകുന്ന നാട്. വറുതിയുടെ കടലില്‍ ജീവിത പങ്കായങ്ങള്‍ വിശ്രമമില്ലാതെ തുഴയുന്ന നാട്. തൊട്ടടുത്ത് നാഗരികതയുടെ ലാസ്യഭാവങ്ങളുമായി പൂര്‍ണ്ണസമൃദ്ധിയോടെ കൊച്ചി. അധ്വാനത്തിന്റെ ഉച്ചച്ചൂടില്‍ നിവര്‍ന്നു നില്‍ക്കാനായാല്‍ അംബര ചുംബികള്‍ മാനം മറയ്ക്കുന്ന പണക്കൊഴുപ്പിന്റെ കൊച്ചി. വൈരുദ്ധ്യങ്ങളുടെ ഭൂമികകള്‍ കിലോമീറ്ററുകള്‍ക്കപ്പുറമല്ല. തൊട്ടടുത്ത് ഒരു കായല്‍പ്പാടകലെ ദ്വീപിന്റെ സങ്കടങ്ങള്‍ക്ക് പരിഹാരമാകുന്ന പക്ഷം ചേര്‍ന്ന് ജനം.

അനുഭവത്തിന്റെ കരുത്തുമായി എസ്.ശര്‍മ്മയെന്ന എം.എല്‍.എ. ഫിഷറീസ് മന്ത്രിയായി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച സാധാരണക്കാരന്‍. എതിര്‍പക്ഷത്ത് കോണ്‍ഗ്രസിലെ കെ.ആര്‍.സുഭാഷ്. എൻ.ഡി.എ യിൽ നിന്ന് മത്സരിക്കുന്നത് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി കെ.കെ.വാമലോചനന്‍. കഴിഞ്ഞ 2011ലെ തെരഞ്ഞെചുപ്പില്‍ ബി.ജെ.പിയ്ക്ക് രണ്ടായിരത്തിലേറെ വോട്ട് നേടാൻ കഴിഞ്ഞു. എറണാകുളം ജില്ലയിൽ ഇടതുമുന്നണിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലം. യു.ഡി.എഫിന്റെ ഭരണ പരാജയമാണ് എൽ.ഡി.എഫിന്റെ മുഖ്യ പ്രചരണായുധം. മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ള സാധാരണക്കാർക്കിടയിൽ ഇടതുമുന്നണിക്കും എസ്.ശർമ്മയ്ക്കുമുള്ള സ്വാധീനം മുന്നണിയെ വിജയത്തിലെത്തിക്കുമെന്ന ഇടതുമുന്നണിയുടെ കണക്കു കൂട്ടൽ ശരിയാകുമെന്നാണ് മണ്ഡലത്തിലെ ഒരു റൌണ്ട് യാത്രയിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.