ഗാന്ധിയും മദ്യവും

#


ഗാന്ധി സ്‌ക്വയറില്‍ പുതുതായി പണികഴിപ്പിച്ച ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കാന്‍ ഗാന്ധി പ്രതിമ അവിടുന്നു മാറ്റണോ എന്നാലോചിച്ച ഖ്യാതിയാണ് ഇന്നത്തെ തൃപ്പുണിത്തുറയുടെ രാഷ്ട്രീയ ലോകത്തെ അടയാളപ്പെടുത്തുന്നത്.

കൊച്ചി നഗരത്തിന്റെ പ്രൗഢിയും യശസ്സും ചരിത്രവുമെല്ലാം തുടങ്ങിയത് ഇവിടെ നിന്ന്. കുന്നിന്‍മുകളിലെ വേനല്‍ക്കാല വസതി രാജഭരണത്തിന്റെ തിരുശേഷിപ്പുകളുമായി തൃപ്പുണ്ണിത്തുറയില്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയില്‍ കഴിഞ്ഞുപോരുന്നു. ദാനങ്ങളെ മഹത്വവത്ക്കരിക്കുന്ന തിരുവിതാംകൂറിന്റെ ഗരിമയില്‍ കൊച്ചി രാജാക്കന്മാര്‍ നിറം മങ്ങി നിന്നെങ്കിലും രാജപരമ്പരയുടെ ഖജനാവിലെ സ്വര്‍ണ്ണമെടുത്ത് വിറ്റ് കൊച്ചിയില്‍ റെയില്‍പ്പാത നിര്‍മ്മിച്ച ചരിത്രം ഇന്ന് കാടും പടലുമായി ഹൈക്കോടതി സമുച്ചയത്തിനു പിറകില്‍ മറഞ്ഞു കിടപ്പുണ്ട്. കാലം തേരോട്ടം നടത്തിയ രാജവീഥികള്‍ വിശാലമായി മാറി. മുന്നണികള്‍ മാറിമാറിവന്നു. വികസനം കോണ്‍ക്രീറ്റുകാടുകള്‍ സൃഷ്ടിച്ചു. എന്നാലും പുനര്‍നിര്‍മ്മിച്ച വടക്കേക്കോട്ട വാതിലും വിശാലമായ തണല്‍ വിരിഞ്ഞ കിഴക്കേകോട്ടയും പഴമയുടെ പ്രൗഢി കാത്തുസൂക്ഷിച്ച പുനര്‍നിര്‍മ്മിതികളുമായി പൂര്‍ണ്ണതൃയീശ ക്ഷേത്രവും ഇവിടെ അല്പം പച്ചപ്പ് നിലനിര്‍ത്തുന്നു.

അഴിമതിയാരോപണങ്ങളുടെ കൂരമ്പുകൾ നേരിടുന്ന കെ.ബാബു മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സജീവ സാന്നിദ്ധ്യമായി രംഗത്തുണ്ട്. മാധ്യമങ്ങൾ വി.എസുമായി ബന്ധപ്പെടുത്തി സ്വരാജിനെക്കുറിച്ച് സൃഷ്ടിച്ച വിവാദത്തിന്റെ മുന തുടക്കത്തിലേ ഒടിച്ച സി.പി.എം കൃത്യതയാര്‍ന്ന പ്രവര്‍ത്തനമാണ് നടത്തിയത്. മണ്ഡലത്തിലും നിയമസഭയിലും കന്നിയങ്കം കുറിച്ച സി.പി.എമ്മിന്റെ എം.സ്വരാജിന് തൃപ്പൂണിത്തുറയിൽ നല്ല ചലനമുണ്ടാക്കാൻ കഴിയുന്നുണ്ട്. എങ്കിലും രാഷ്ട്രീയത്തിൽ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ കെ.ബാബുവിനെ തൃപ്പൂണിത്തുറയിൽ പരാജയപ്പെടുത്താൻ എളുപ്പമല്ല. അനേകം ശിഷ്യസമ്പത്തും ബന്ധങ്ങളുമായി മഹാരാജാസില്‍ നിന്നു വിരമിച്ച തുറവൂര്‍ വിശ്വംഭരന്‍ താമരയടയാളത്തില്‍ മത്സരിക്കുന്നു. അഴിമതി മുഖ്യ വിഷയമായി ജനങ്ങൾ കാണുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റ്റി.കെ.രാമകൃഷ്ണന്റെ ഈ ചുവപ്പന്‍ മണ്ഡലം ഒന്നുകൂടി ചുവക്കുമോ എന്നും കാത്തിരുന്നു കാണാം.