പുറം കൊണ്ടറിയുമോ തടിയുടെ കാതല്‍

#

രുചിഭേദങ്ങളുടെ നാടായ കോഴിക്കോടിന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്ന ഒരു ശിഖരം തന്നെയാണ് കോഴിക്കോട് തെക്ക് മണ്ഡലം. മാറ്റത്തിന്റെ അടിയൊഴുക്കുകള്‍ പ്രതീക്ഷിക്കാവുന്ന മണ്ഡലമാണിവിടം. ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലെ സാമൂഹിക നീതി-പഞ്ചായത്ത് വകുപ്പ് മന്ത്രിയായ എം.കെ മുനീര്‍ 1991ല്‍ താന്‍ കന്നി അങ്കത്തിനിറങ്ങിയ അതേ മണ്ഡലത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വീണ്ടും ജനവിധി തേടുന്നത്. ആറാം തവണയാണ് മുനീര്‍ തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുന്നത്. മണ്ഡലം തിരിച്ചു പിടിക്കാൻ എല്‍.ഡി.എഫ് നിയോഗിച്ചിരിക്കുന്നത് പ്രൊഫസര്‍ എ.പി അബ്ദുള്‍ വഹാബിനെയാണ്. കഴിഞ്ഞ തവണ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്ന് വലിയൊരു ഭൂരിപക്ഷത്തിനല്ല എം.കെ മുനീര്‍ ജയിച്ചതെന്നുള്ളതിലാണ് ഇടതു മുന്നണി പ്രതീക്ഷ അര്‍പ്പിക്കുന്നത്. എന്നാല്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്നിലര്‍പ്പിച്ചിരിക്കുന്ന വികസന പ്രതീക്ഷകള്‍ വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥി എം.കെ മുനീറും യു.ഡി.എഫ് പാളയവും . കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലിരിക്കുന്ന കുറ്റിയില്‍ സതീഷാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. ബി.ജെ.പി രണ്ടു മുന്നണികളുടെ വോട്ടുകളിലും കടന്നു കയറാൻ സാധ്യതയുണ്ട്. എം.കെ.മുനീറിന്റെ നില അത്ര സുരക്ഷിതമല്ല എന്നാണ് ഞങ്ങളുടെ നിഗമനം.