വെട്ടും തടയും

#

കടത്തനാടന്‍ കളരിയഭ്യാസത്തിന്റെ കളിത്തൊട്ടിലാണ് വടകര. ആരോമല്‍ ചേകവരുടെയും തച്ചോളി ഒതേനന്റെയും നാട്. രാഷ്ട്രീയത്തിലെ വീറും വാശിയും പലപ്പോഴും ശാരീരികമായ ഏറ്റുമുട്ടലിലെത്തുന്നതിന് ഈ അഭ്യാസ പാരമ്പര്യം ഒരു കാരണമാകുമോ?

ടി.പി ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതകത്തിന് ശേഷമുള്ള ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ സംസ്ഥാനം ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പാണ് വടകരയില്‍ നടക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി കുമാരന്‍കുട്ടി മത്സരിച്ചിരുന്നെങ്കിലും എല്‍.ഡി.എഫിന്റെ തോല്‍വി ഉറപ്പു വരുത്താന്‍ വേണ്ടി ആര്‍.എം.പി വോട്ടുകള്‍ യു.ഡി.എഫിന് മറിച്ചു നല്‍കിയതായി ആക്ഷേപമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ടി.പി.ചന്ദ്രശേഖരന്‍ ജീവിച്ചിപ്പുണ്ടായിരുന്നു. 2011 ല്‍ ആര്‍.എം.പി രൂപീകരിച്ച് അധികം കഴിയുന്നതിനു മുമ്പ് നടന്ന ആ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച എന്‍.വേണു 10000 ത്തില്‍ പരം വോട്ടുകള്‍ നേടി.

ഇത്തവണ എല്‍.ഡി.എഫില്‍ നിന്ന് മത്സരിക്കുന്നത് സിറ്റിംഗ് എം.എല്‍.എയായ ജനതാദള്‍(എസ്) ലെ സി.കെ.നാണുവാണ്. ജനതാദള്‍ (യു)വിലെ മനയത്ത് ചന്ദ്രനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ജനതാദള്‍(യു)വില്‍ മനയത്ത് ചന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് എതിര്‍പ്പുള്ള ഒരു വിഭാഗം എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജനതാദള്‍(യു)വിലെ നല്ല ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ നേരിട്ട് മനയത്ത് ചന്ദ്രന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് കരുതുന്ന കോണ്‍ഗ്രസ്-ലീഗ് നേതൃത്വം കെ.കെ.രമയ്ക്ക് വോട്ടു മറിച്ച് നല്‍കുമെന്ന പ്രചരണം മണ്ഡലത്തില്‍ ശക്തമാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മത്സരരംഗത്തുണ്ടെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല. മത്സരം എല്‍.ഡി.എഫിന്റെ സി.കെ.നാണുവും ആര്‍.എം.പിയുടെ കെ.കെ.രമയും തമ്മിലാണെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.