ചുവന്ന് തുടുത്ത്

#


ധര്‍മ്മടത്തു ഞങ്ങളെത്തുമ്പോള്‍ സന്ധ്യയായിരുന്നു. ധര്‍മ്മടം ബീച്ചില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന തുരുത്ത് ഒരു ചുവന്ന ഗോളം പോലെ മുന്നില്‍. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നുവീണ പിണറായി പാറപ്പുറം ധര്‍മ്മടം നിയോജക മണ്ഡലത്തിലാണ്. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിക്കുന്നു എന്നതാണ് ധര്‍മ്മടത്തിന്റെ പ്രാധാന്യം.

2011 ലാണ് ധര്‍മ്മടം നിയോജക മണ്ഡലം രൂപീകരിക്കപ്പെടുന്നതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. ആ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ കെ.കെ നാരായണന്‍ 15162 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ മമ്പറം ദിവാകരനെ തോല്‍പിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി 4963 വോട്ടുകള്‍ നേടി. ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മമ്പറം ദിവാകരന്‍ തന്നെ. പിണറായി വിജയന്‍ സ്ഥാനാര്‍ത്ഥിയായതുകൊണ്ട് ഭൂരിപക്ഷം കഴിഞ്ഞ തവണ നേടിയതിന്റെ ഇരട്ടിയാക്കണമെന്ന വാശിയിലാണ് ഇടതുമുന്നണി സി.പി.എം പ്രവര്‍ത്തകര്‍. ഭൂരിപക്ഷം എത്ര വോട്ടുകള്‍ ആണെന്നറിയാനുള്ള കൗതുകത്തിനപ്പുറം ഫലത്തെക്കുറിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിക്കുപോലും സംശയമില്ലാത്ത മണ്ഡലമാണ് ധര്‍മ്മടം.