കലി ഉറഞ്ഞു തുള്ളുന്നു

#


തെയ്യങ്ങളുടെ നാട്ടിൽ ഇപ്പോൾ ഉറഞ്ഞുതുള്ളുന്നത് തെരഞ്ഞെടുപ്പിലെ പോർപ്പക. 1977 ൽ മണ്ഡലം രൂപീകരിക്കപ്പെട്ടത് മുതൽ സി.പി.എം സ്ഥാനാർത്ഥികൾ മാത്രം ജയിച്ചിരുന്ന അഴീക്കോട്ട് 1987ൽ എം.വി.രാഘവനാണ് ആ ചരിത്രം തിരുത്തിയത്. സി.പി.എമ്മിൽ നിന്ന് പുറത്തുപോയി സി.എം.പി എന്ന പാർട്ടി രൂപീകരിച്ച രാഘവൻ തന്റെ ശിഷ്യനായ ഇ.പി.ജയരാജനെ പരാജയപ്പെടുത്തിക്കൊണ്ട് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചു. അതിനുശേശം നടന്ന ഒരു ഉപതെരഞ്ഞെടുപ്പുൾപ്പെടെയുള്ള 5 തെരഞ്ഞെടുപ്പുകളിലും ജയിച്ചത്‌ സി.പി .എം സ്ഥാനാർത്ഥികൾ മാത്രമാണ്. 2011 ൽ യു.ഡി.എഫിൽ നിന്ന് മത്സരിച്ച മുസ്ലീം ലീഗിലെ കെ.എം.ഷാജി സിറ്റിംഗ് എം.എൽ.എ പ്രകാശൻ മാസ്റ്ററെ തോൽപ്പിച്ച് സി.പി.എമ്മിൽ നിന്ന് അഴീക്കോട്‌ സീറ്റ് പിടിച്ചെടുത്തു.

1986 ൽ അഴീക്കോട്ട് ആദ്യമായി സി.പി.എമ്മിനെ തോല്പിച്ച എം.വി ആറിന്റെ മകൻ എം.വി നികേഷ് കുമാറിനെയാണ് ഇത്തവണ കെ.എം.ഷാജിയിൽ നിന്ന് സീറ്റ് തിരിച്ചു പിടിക്കാൻ സി.പി.എം നിയോഗിച്ചിരിക്കുന്നത്. എം.വി.രാഘവനെ ഇല്ലാതാക്കാൻ ശ്രമിച്ച ശക്തികളോടൊപ്പം ചേർന്ന് രാഘവന്റെ രാഷ്ട്രീയത്തിന് എതിരേ പ്രവർത്തിക്കുന്നു എന്ന ആരോപണമാണ് നികേഷ് കുമാറിനെതിരേ യു.ഡി.എഫ് മുന്നോട്ടു വെയ്ക്കുന്നത്. നികേഷിനെതിരായ കേസുകളും യു.ഡി.എഫ് തെരഞ്ഞെടുപ്പ് വിഷയമാക്കുന്നുണ്ട്‌. യു.ഡി.എഫ് ഭരണത്തിലെ അഴിമതികൾ മുഖ്യ വിഷയമാക്കുന്ന എൽ.ഡി.എഫ് മണ്ഡലത്തില്‍ ലീഗും കോൺഗ്രസും തമ്മിൽ നിലനില്ക്കുന്ന ഭിന്നത തങ്ങൾക്ക് സഹായകമാകുമെന്ന് കണക്കു കൂട്ടുന്നു. കണ്ണൂർ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ചു ജയിച്ച കോൺഗ്രസ് വിമതൻ പി.കെ.രാഗേഷിന്റെ സ്ഥാനാർത്ഥിത്വവും യു.ഡി.എഫിന്റെ പരാജയം ഉറപ്പാക്കുന്ന ഘടകമായി എൽ.ഡി.എഫ് കണക്കാക്കുന്നു. അഡ്വ.എ.വി കേശവനാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. തീര്ത്തും പ്രവചനാതീതമാണ് അഴീക്കോട്ടെ ഫലം.