ഐ.ഡി.എസ്.എഫ്.എഫ്. കെ പ്രസക്തമാകുമ്പോള്‍

#

തിരുവനന്തപുരം : ഒന്‍പതാമത് അന്താരാഷ്ട്ര ഡോക്യമെന്റെറി - ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് (ഐ.ഡി.എസ്.എഫ്.എഫ്. കെ) ഇന്ന് തലസ്ഥാനത്ത് തിരി തെളിയുമ്പോള്‍ ദൃശ്യമാകുന്നത് 5 ദിവസം നീളുന്ന ലോക കാഴ്ചകളുടെ വര്‍ണ്ണ വൈവിധ്യം കൂടിയാണ്. ചെറുതും വലുതുമായ നിരവധി ചലച്ചിത്ര ഹ്രസ്വ ചിത്ര മേളകള്‍ക്ക് കേരളം വേദിയാകാറുണ്ടെങ്കിലും മികച്ച ജനപങ്കാളിത്തം കൊണ്ട് ഐ.ഡി.എസ്.എഫ്.എഫ്.കെ വേറിട്ടു നില്‍ക്കുന്നു.

വിവിധ സാമൂഹ്യ-സാംസ്‌ക്കാരിക ചുറ്റുപാടുകളെ ചിത്രങ്ങളിലുടെ ജനങ്ങളിലെത്തിക്കുന്ന ചലച്ചിത്ര മേളയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ ആഘോഷമാക്കുമ്പോള്‍ ഇത്തരമൊരു ചലച്ചിത്ര ഉത്സവത്തിന് വേദിയായ കേരളത്തിന് അത് ഒരു അഭിമാനനേട്ടമാണ്. വര്‍ഷാവര്‍ഷം മേളയിലെത്തുന്ന പ്രതിനിധികളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ദ്ധനവ് ഷോര്‍ട്ട് ഫിലിമുകള്‍ക്കും ഡോക്യുമെന്റെറികള്‍ക്കും ജനങ്ങള്‍ക്കിയടില്‍ സ്വീകാര്യത വര്‍ദ്ധിക്കുന്നതിനുള്ള തെളിവ് കൂടിയാണ്. സാങ്കേതിക വിദ്യയിലുണ്ടായ അത്യാധുനിക മാറ്റങ്ങളും ഇത്തരം മേളകളുടെ ജനപ്രിയത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നമ്മുടെ കൈയിലുള്ള മൊബൈല്‍ ഫോണുകള്‍ മുതല്‍ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ വരെ ഉപയോഗിച്ച് നിര്‍മ്മിച്ച മികച്ച ചിത്രങ്ങള്‍ക്ക് രാജ്യ-ഭാഷാ ഭേദമന്യേ ഒരു പ്രദര്‍ശന വേദി കൂടിയാണ് ഇത്തരം ചലച്ചിത്ര മേളകള്‍ ഒരുക്കുന്നത്.

ഓരോ തവണയും ഐ.ഡി.എസ്.എഫ്.എഫ്. കെ, ഓരോ പ്രമേയത്തിന് ഊന്നൽ നല്കാറുണ്ട്. ഒമ്പതാമത് ഐ.ഡി.എസ്.എഫ്.എഫ്. കെ, വൈല്‍ഡ് ലൈഫ് എന്ന പ്രമേയത്തിനാണ് ഊന്നല്‍ നല്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 204 ചിത്രങ്ങള്‍ ഈ ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിക്കും. സംവിധായകർ നവാഗതരെന്നോ അനുഭവ സമ്പത്തുള്ളവരെന്നോ വേര്‍തിരിവില്ലാതെ, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള മികച്ച ചിത്രങ്ങളെയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. 6 വിഭാഗങ്ങളിലായി 81 ചിത്രങ്ങള്‍ മത്സരവിഭാഗത്തിലും മാറ്റുരയ്ക്കുന്നുണ്ട്. ഓരോ വര്‍ഷവും വ്യത്യസ്തമായ പ്രത്യേകതകള്‍ ഒരുക്കി ചലച്ചിത്രാസ്വാദകര്‍ക്ക് കാഴ്ചയുടെ ഉത്സവം ഒരുക്കുന്ന മേള, ലാറ്റിനമേരിക്കന്‍ പാക്കേജ്, അനിമേഷന്‍ ചിത്രങ്ങള്‍, ചൈനീസ് ഡോക്യുമെന്റെറി സംവിധായകന്‍ വാങ്ങ് ബിങ്ങ്, കാശ്മീരി സംവിധായകന്‍ സഞ്ജയ് കാക്ക് എന്നിവരുടെ ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഇത്തവണയും മേളയ്ക്ക് മാറ്റു കൂട്ടുന്നുണ്ട്.