അന്താരാഷ്‌ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളക്ക് നാളെ തുടക്കമാവും

#

തിരുവനന്തപുരം : ഭാഷയ്ക്കതീതമായ കാഴ്ചയുടെ പുത്തൻ വഴികളിലേക്ക് മിഴി തുറന്ന് ഒൻപതാമത് കേരള അന്താരാഷ്‌ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളക്ക് നാളെ തിരുവനന്തപുരത്ത് തിരി തെളിയും.നാളെ വൈകിട്ട് 6 മണിക്ക് കൈരളി തീയറ്ററിൽ നടക്കുന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ അദ്ധ്യക്ഷനാവും. തുടർന്ന് ഉദ്ഘാടന ചിത്രങ്ങളായ ഡേ വൺ, ഹീ നെയിംഡ് മീ മലാല എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മൊത്തം 204 ചിത്രങ്ങളാണ് മേളയിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. 6 വിഭാഗങ്ങളിലായി 81 ചിത്രങ്ങൾ മത്സര വിഭാഗത്തിൽ മാറ്റുരയ്ക്കും. വൈൽഡ് ലൈഫ് ആണ് ഇത്തവണത്തെ മേളയുടെ തീം. ഇന്ത്യയിലെ പ്രമുഖ വൈൽഡ് ലൈഫ് ഡോക്യുമെന്ററി സംവിധായകരായ നരേഷ് ബേദി,ശേഖർ ദാത്താത്രി,പ്രവീൺ സിംഗ്,സന്ദെശ് കടൂർ ,സുരേഷ് ഇളമൺ തുടങ്ങിയവരുടെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഷോർട്ട് ഫിക്ഷൻ മത്സര വിഭാഗത്തിൽ 10 മലയാള ചിത്രങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച പരീക്ഷണ ചിത്രങ്ങൾ അവതരിപ്പിക്കപ്പെടുന്ന ഔബഹസൻ മേളയിൽ നിന്നുള്ള തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പാക്കേജും ഇത്തവണത്തെ മേളയിൽ അവതരിപ്പിക്കും. വിഖ്യാത അമേരിക്കൻ ആനിമേറ്റർമാരായ ക്വേ ബ്രദേഴ്സിന്റെ ഹ്രസ്വചിത്രങ്ങളുടെ പാക്കേജ്,ഫിലിം മേക്കർ ഫോക്കസ് വിഭാഗത്തിൽ ചൈനീസ് ഡോക്യുമെന്ററി സംവിധായകൻ വാങ്ങ് ബിങ്ങിന്റേയും കാശ്മീരി ഡോക്യുമെന്ററി സംവിധായകൻ സഞ്ജയ്‌ കാക്കിന്റെയും ചിത്രങ്ങൾ,ലാറ്റിനമേരിക്കൻ ഹ്രസ്വചിത്രങ്ങളുടെ പ്രത്യേക പാക്കേജ് എന്നിവയും ഈ മേളക്ക് മാറ്റ്‌ കൂട്ടുന്നു.നാളെ (ജൂൺ 10) മുതൽ ജൂൺ 14 വരെയാണ് മേള. മേളയിലേക്കുള്ള ഡെലിഗേറ്റ് പാസുകൾ ചലച്ചിത്ര അക്കാദമി ഓഫീസിൽ നിന്നും ഇന്ന് മുതൽ വിതരണം ചെയ്യാൻ ആരംഭിച്ചു.