അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹ്രസ്വ ചലച്ചിത്രമേള ജൂൺ 10 മുതൽ 14 വരെ

#

കാഴ്ചയുടെ പുത്തൻ ദേശാടനങ്ങൾക്ക് വഴി തുറന്ന് ഒൻപതാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹ്രസ്വ ചലച്ചിത്രമേള ജൂൺ 10 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. കൈരളി - ശ്രീ തീയറ്റർ കോംപ്ലക്സാണു വേദി. 71 ചിത്രങ്ങൾ മത്സര വിഭാഗത്തിലും, 40 ചിത്രങ്ങൾ ഫോക്കസ് വിഭാഗത്തിലും പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിൽ 8 ലോങ്ങ് ഡോക്യുമെന്ററികളും 19 ഹ്രസ്വ ഡോക്യുമെന്ററികളും 30 ഹ്രസ്വ ചിത്രങ്ങളും 4 ക്യാമ്പസ് ചിത്രങ്ങൾ,6 ആനിമേഷൻ,14 മ്യൂസിക്‌ വീഡിയോ എന്നിവയും ഉൾപ്പെടുന്നു. മത്സര വിഭാഗത്തിൽ 3 മലയാളം ഹ്രസ്വ ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും. മേളയുടെ പ്രതിനിധി രജിസ്ട്രേഷൻ ഇതുവരെ ആരംഭിച്ചിട്ടില്ല. കേരള ചലച്ചിത്ര അക്കാദമിയാണ് മേളയുടെ സംഘാടനം. മികച്ച ലോങ്ങ് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും, മികച്ച ഹ്രസ്വ ചിത്രത്തിനും, ഹ്രസ്വ ഡോക്യുമെന്ററിക്കും 50000 രൂപയും പ്രശസ്തിപത്രവും വീതവും, മികച്ച ആനിമേഷൻ,. മ്യൂസിക്‌ വീഡിയോ എന്നിവയ്ക്ക് 25000 രൂപയും പ്രശസ്തിപത്രവും വീതവും, മികച്ച ക്യാമ്പസ് ചിത്രത്തിനു 20000 രൂപയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. മാറുന്ന സാങ്കേതിക വിദ്യയുടെ ആനുകൂല്യം മുതലാക്കി സെക്കന്റുകൾ മുതൽ മണിക്കൂറുകൾ വരെ നീളമുള്ള, മൊബൈൽ ഫോൺ മുതൽ അത്യാധുനിക ക്യാമറകൾ വരെ ഉപയോഗിച്ച നിരവധി ചെറു സിനിമകളും ഡോക്യുമെന്ററികളും ഇവിടെ പ്രദർശിക്കപ്പെടും.