അതിജീവനത്തിന്റെ സ്ത്രീപക്ഷ കാഴ്ചകൾ ; ഡേ വണ്ണും, ഹീ നെയിംഡ് മി മലാലയും ഉദ്ഘാടന ചിത്രങ്ങൾ

#

ഒൻപതാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രങ്ങൾ മതപരവും ലിംഗപരവുമായ വെല്ലുവിളികളോട് പടവെട്ടി അതിജീവനത്തിന്റെ പുത്തൻ പാഠങ്ങൾ രചിക്കുന്ന സ്ത്രീകളുടെ നേർ ആഖ്യാനമാവുന്നു. അഫ്ഗാനിൽ അമേരിക്കൻ പട്ടാളക്കാർക്കൊപ്പം ദ്വിഭാഷിയുടെ ജോലി ചെയ്യുന്ന സ്ത്രീയെക്കുറിച്ചുള്ള യഥാർത്ഥ സംഭവത്തിന്റെ പുനരാഖ്യാനമായ ഹെൻറി ഹ്യൂസ് സംവിധാനം ചെയ്ത ഡേ വൺ, പാകിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി സംസാരിച്ചതിനു താലിബാൻ കൊല്ലാൻ ശ്രമിച്ച നോബൽ സമ്മാന ജേതാവ് മലാല യൂസഫ് സായിയെ കുറിച്ചുള്ള,ഡേവിസ് ഗഗൻഹൈം സംവിധാനം ചെയ്ത ഹീ നെയിംഡ് മി മലാല എന്നീ സിനിമകളാണ് മേളയുടെ ഉദ്ഘാടനത്തിന് മാറ്റ് കൂട്ടാൻ പ്രദർശിപ്പിക്കുന്നത്.

2009 ൽ അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ പട്ടാളത്തിൽ ജോലി ചെയ്യവേ തന്റെ ട്രൂപ്പിൽ ഉണ്ടായിരുന്ന ദ്വിഭാഷിയായ അഫ്ഗാനി പെൺകുട്ടിയെ കുറിച്ചാണ് ഹെൻറി ഹ്യൂസിന്റെ സിനിമ. 10 മികച്ച ലൈവ് ആക്ഷൻ ഹ്രസ്വ ചിത്രങ്ങളുടെ ഓസ്കാർ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ഈ സിനിമയിൽ ഒരു പ്രാദേശിക തീവ്രവാദിയെ അന്വേഷിച്ച് പോകുന്ന യു എസ് പട്ടാള യൂണിറ്റിനെ അനുഗമിക്കുന്ന വിവർത്തകയുടെ ആദ്യ ദിവസം വിവരിക്കുന്നു. ജീവിതം ത്രാസിൽ തൂങ്ങുമ്പോഴും, തന്റെ ജോലിയിൽ ലിംഗപരവും,മതപരവുമായ നിരവധി പ്രതിബന്ധങ്ങളുടെ ക്രൂരമായ സങ്കീർണതകൾ ഉയർന്നു വരുന്നത് അതിവേഗം അവൾ തിരിച്ചറിയുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ വംശീയ പ്രസ്താവനകൾക്കുള്ള ശക്തമായ മറുപടിയായി ഈ ചിത്രം മാറുമെന്ന് ചിത്രത്തിന്റെ വെബ്സൈറ്റ് പറയുന്നു. കാൻ ഫെസ്റ്റിവൽ, സിയാറ്റിൽ ഫിലിം ഫെസ്റ്റിവൽ,നാഷ് വില്ലെ ഫെസ്റ്റിവൽ എന്നിങ്ങനെ നിരവധി ഫെസ്റ്റിവലുകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. ബാഫ്റ്റയുടെ സ്റ്റുഡന്റ് അക്കദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ചിത്രത്തിന്റെ രചനയും സംവിധാനവും ഹെൻറി ഹ്യൂസ് തന്നെയാണ്. മൈക്കൽ സ്റ്റൈനെർ നിർമ്മാണവും, കീ ക്യുങ്ങ് ഛായാഗ്രഹണവും, അനിഷ ആചാര്യ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

പാകിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി സംസാരിച്ചതിനു താലിബാൻ ലക്ഷ്യമിടുകയും സ്വാത് താഴ്വരയിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് സ്കൂൾബസിൽ മടങ്ങുമ്പോൾ വെടിയേറ്റ്‌ മാരകമായി പരിക്കേല്ക്കുകയും ചെയ്ത നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌ സായിയുടെ ജീവിതത്തിന്റെ അഗാധമായ ചിത്രീകരണമാണ് ഹീ നെയിംഡ് മി മലാല എന്ന ഡോക്യുമെന്ററി. പ്രചോദനം നല്കിയ പിതാവുമായുള്ള ആത്മബന്ധം,യുഎന്നിൽ നടത്തിയ ആവേശോജ്ജ്വലമായ പ്രസംഗം തുടങ്ങി മാതാപിതാക്കളും സഹോദരങ്ങളും ഒന്നിച്ചുള്ള ദൈനം ദിന ജീവിതം വരെഇതിൽ ചിത്രീകരിച്ചിരിക്കുന്നു. 2007 ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കാർ പുരസ്കാരം നേടിയ ആൻ ഇൻകൺവീനിയന്റ്റ് ട്രുത്ത് എന്ന ഡോക്യുമെന്ററി അടക്കം നിരവധി പ്രശസ്തമായ സിനിമകൾ സംവിധാനം ചെയ്ത ഡേവിസ് ഗഗ്ഗൻഹൈം ആണ് സംവിധായകൻ. എറിക് റോളണ്ട് ഛായാഗ്രഹണവും,ഗ്രെഗ് ഫിന്റൊൺ,ബ്രയാൻ ജോൺസൺ,ബ്രാഡ് ഫുള്ളെർ എന്നിവർ എഡിറ്റിംഗും തോമസ് ന്യൂമാൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.

മതങ്ങളും ഭീകര പ്രസ്ഥാനങ്ങളും യുദ്ധവും എല്ലാം സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിലും ആധുനിക സ്ത്രീ എങ്ങനെ അതിജീവിക്കുന്നു എന്നതിന്റെ ശക്തമായ രാഷ്ട്രീയ പ്രസ്താവനയും ലിംഗനീതിക്കും സമത്വത്തിനും വേണ്ടിയുള്ള സമരങ്ങൾക്ക് ഐക്യദാർഢ്യവും ആകുകയാണ് ഒൻപതാമത് മേളയുടെ ഉദ്ഘാടന ചിത്രങ്ങൾ.